കൊച്ചി: പോലീസിന് വീഴ്ചയുണ്ടായാൽ ചൂണ്ടിക്കാണിക്കാൻ സിപിഐയ്ക്ക് മടിയില്ലെന്നും കേരളത്തിലെ പോലീസ് സംവിധാനം നല്ല നിലയ്ക്കല്ല പോകുന്നതെന്നും മുവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം.
കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് പറയേണ്ടത് കാനം രാജേന്ദ്രൻ അടക്കമുളളവരാണന്നും പോലീസിന്റെ വീഴ്ച എടുത്തുപറയാൻ മടിയില്ലെന്നും എൽദോ മാധ്യമങ്ങളോടു പറഞ്ഞു. കൊച്ചിയിൽ ഇന്നലെ ഐജി ഓഫിസ് മാർച്ചിനിടെ പോലീസ് ലാത്തിച്ചാർജിലാണ് എൽദോയ്ക്കു പരിക്കേറ്റിരുന്നു.പിന്നാലെ, പ്രകോപനമില്ലാതെയാണ് പോലീസ് നടപടിയുണ്ടായതെന്ന് എംഎൽഎ കളക്ടറെ അറിയിച്ചിരുന്നു.
പരുക്കേറ്റവരുടെ ചികിൽസാ വിവരങ്ങൾ ലഭ്യമാക്കാൻ ആശുപത്രി അധികൃതർക്ക് കളക്ടർ നിർദേശം നൽകിയിരുന്നു. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ എംഎൽഎയുടെ മൊഴി രേഖപ്പെടുത്തിയതും റിപ്പോർട്ട് തേടിയതും.
വൈപ്പിൻ ഗവ. കോളജിലെ എസ്എഫ്‌ഐ – എഐവൈഎഫ് സംഘർഷത്തിൽ പക്ഷപാതപരമായ നിലപാടെടുത്ത ഞാറയ്ക്കൽ സിഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടാണു സിപിഐ മാർച്ച് നടത്തിയത്. സംഘർഷത്തിൽ പരിക്കേറ്റ് പോലീസുകാരും ചികിത്സയിലാണ്. ഇതിനിടെ സെൻട്രൽ സിഐയാണ് എംഎൽഎയെ മർദ്ദിച്ച് പരിക്കേൽപ്പിച്ചതെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു.
Discussion about this post