കോഴിക്കോട്: കൊലുസണിയാന്‍ മോഹിച്ച് കൃത്രിമ കാലുമായെത്തി കണ്ണീരണിയിച്ച ബദ്‌രിയ മോള്‍ക്ക് സിപിടി (ചൈല്‍ഡ് പ്രൊട്ടക്ട് ടീം) യുഎഇയുടെ സ്‌നേഹ സമ്മാനം. കൃത്രിമകാലില്‍ വെള്ളിക്കൊലുസണിയുന്ന കുഞ്ഞിന്റെ വീഡിയോ വൈറലായതോടെ ശ്രദ്ധയില്‍പ്പെട്ട ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഭാരവാഹികള്‍ സ്വര്‍ണവളയും പുത്തനുടുപ്പുകളുമായി കാണാനെത്തുകയായിരുന്നു. ഗ്ലോബല്‍ വിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ മജീദാണ് വള സ്‌പോണ്‍സര്‍ ചെയ്തത്.
കൊല്ലം ജില്ലയിലെ പുനലൂര്‍ ഉറുകുന്ന് സ്വദേശികളായ താജുദ്ധീന്റെയും സൗരജിത്ത് ബീവിയുടെയും മൂന്ന് മക്കളില്‍ രണ്ടാമത്തെ മോളാണ് മൂന്ന് വയസ്സുകാരി ബദരിയ.
ജന്മനാ ഉള്ള വൈകല്യം കാരണം മുട്ടിന് താഴെ മുറിച്ച് മാറ്റുകയായിരുന്നു.
മറ്റ് കുട്ടികളെ പോലെ തന്റെ കാലുകളിലും കൊലുസ്സ് വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ച മകളെയും കൂട്ടി ജ്വല്ലറിയില്‍ പോയി ഒരു വെള്ളി പാദസരം വാങ്ങി കൊടുത്തു.
ജ്വല്ലറി ഉടമ ജബ്ബാറാണ് വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തത്. മോളെ കണ്ടെത്താന്‍ ടിക് ടോക്കില്‍ വീഡിയോയിട്ട് മിനുറ്റുകള്‍ക്കകം തന്നെ കുട്ടിയുടെ രക്ഷിതാക്കളുടെ നമ്പര്‍ കിട്ടിയെന്നും ബന്ധപ്പെടാനായെന്നും സിപിടി ഭാരവാഹികള്‍ പറഞ്ഞു.
സിപിടി സംസ്ഥാന വൈ:പ്രസിഡന്റ് ശാന്തകുമാര്‍, കൊല്ലം ജില്ലാ കമ്മറ്റി ഭാരവാഹികള്‍ എന്നിവര്‍ ബദരിയയുടെ വീട്ടിലെത്തി സ്‌നേഹ സമ്മാനം നല്‍കി.
Discussion about this post