തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് കെടി അദീബ് ന്യൂനപക്ഷ ധനകാര്യ വികസന കോര്പ്പറേഷന് ജനറല്‍ മാനേജര്‍ സ്ഥാനം രാജി വച്ചു. ന്യൂനപക്ഷ ധനകാര്യ വികസന കോര്പ്പറേഷന് എംഡിക്കാണ് രാജി സമര്‍പ്പിച്ചത്.
ഈ-മെയില്‍ സന്ദേശം വഴിയാണ് രാജി. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്നാണ് അദീബ് പറയുന്നത്. തന്നെ തിരിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് അയക്കണമെന്നു അദീബ് ആവശ്യപ്പെടുന്നുണ്ട്. അദീബിന്റെ രാജി നാളെ ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും.
പിതൃസഹോദരപുത്രനായ കെടി അദീബിനെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സീനിയര്‍ മാനേജര്‍ പദവിയിലിരിക്കുമ്പോഴാണ് ഡെപ്യൂട്ടേഷനില്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിയമിച്ചത്. ചട്ടങ്ങള്‍ മറികടന്ന് നിയമനം നടത്തിയെന്ന അരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസാണ് ആരോപണവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Discussion about this post