പൊന്നാനി: സംസ്ഥാന സർക്കാരിന്റെ പൗരാണിക സമ്പത്തുകൾ സംരക്ഷിക്കുന്ന പദ്ധതിയായ മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയിലെ ‘കേരളാ സ്‌പൈസസ് റൂട്ടിൽ’ ഉൾപ്പെട്ട പൊന്നാനിയിൽ കൂടുതൽ പ്രവർത്തനങ്ങൾക്ക് കളമൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി പൊന്നാനിയിലെ മിസ്‌റി പള്ളി സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങൾക്ക് ഓഗസ്റ്റിൽ തുടക്കമാകും. സ്ഥലം എംഎൽഎയും സ്പീക്കറുമായ പി ശ്രീരാമകൃഷ്ണൻ വിഷയത്തിൽ പള്ളി പരിപാലന കമ്മിറ്റിയുമായി കൂടിക്കാഴ്ച നടത്തി. കേരളാ സ്‌പൈസസ് റൂട്ട് പദ്ധതിയുടെ ഭാഗമായി പൗരാണിക വാണിജ്യനഗരമായ പൊന്നാനിയിൽ പുരാതനവും ചരിത്രപ്രാധാന്യമുള്ളതുമായ ക്ഷേത്രങ്ങൾ, പള്ളികൾ, കാവുകൾ, തെരുവുകൾ, കെട്ടിടങ്ങൾ തുടങ്ങിയവയാണ് നവീകരിച്ച് സംരക്ഷിക്കുക. 500 വർഷത്തോളം പഴക്കമുള്ള പൊന്നാനി മിസ്‌റി പള്ളി പൈതൃകത്തോടെ സംരക്ഷിക്കാൻ 85.52 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഓഗസ്റ്റ് മാസം അവസാനത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
കേരളത്തിലെ ചരിത്ര പ്രസിദ്ധമായ പള്ളികളിൽ വളരെയേറെ ചരിത്രപ്രാധാന്യമുണ്ട് പൊന്നാനി അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന മിസ്‌റി പള്ളിക്ക്. പുരാതന വാസ്തു ശിൽപ ശൈലിയിൽ 16ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണ് മിസ്‌റി പള്ളി. പോർച്ചുഗീസുകാർക്കെതിരെ സാമൂതിരി-ശൈഖ് സൈനുദ്ധീൻ മഖ്ദൂം-കുഞ്ഞാലി മരക്കാർ എന്നിവരോടൊപ്പം ചേർന്ന് പോരാടാൻ ഈജിപ്ത്തിലെ സുൽത്താൻ കേരളത്തിലേക്കയച്ച 1500ഓളം ഭടന്മാർക്ക് പ്രാർത്ഥിക്കാൻ വേണ്ടിയാണ്
മിസ്‌റി പള്ളി നിർമിക്കുന്നത്.
കോട്ടക്കൽ കുഞ്ഞാലി മരക്കാർ പള്ളിയുടെ നിർമ്മാണത്തോട് ഏറെ സാദൃശ്യമുള്ള പള്ളികൂടിയാണ് മിസ്‌റി പള്ളി. സാമൂതിരിയുടെ ഭരണത്തിന് കീഴിൽ മതസൗഹാർദവും സമാധാനവും ഒരു പോലെ മുന്നേറിയിരുന്ന കാലത്ത് സാമൂതിരിയുടെ രണ്ടാം തലസ്ഥാനം കൂടിയായിരുന്നു പൊന്നാനി. ഈ കാലയളവിൽ പോർച്ചുഗീസ് ആക്രമണം വർധിക്കുകയും പൊന്നാനിയിലേക്കും പോർച്ചുഗീസ് ആക്രമണമുണ്ടാവുകയും ചെയ്തു. ഇതിനെ തുടർന്ന് നവോത്ഥാന നായകനും സാമൂതിരിയുടെ ഉപദേശകനുമായിരുന്ന ശൈഖ് സൈനുദ്ധീൻ മഖ്ദൂം പോർച്ചുഗീസ് ആക്രമണങ്ങളെ ചെറുക്കാൻ സാമൂതിരിയുടെ ആവശ്യപ്രകാരം ഈജിപ്ത് സുൽത്താന് സന്ദേശമയച്ചതിന്റെ ഭാഗമായാണ് ഈജിപ്ത് സുൽത്താൻ തന്റെ യുദ്ധമന്ത്രിയായ മിർ ഹുസൈന്റെ നേതൃത്വത്തിൽ 1500ഓളം പട്ടാളക്കാരെ പൊന്നാനിയിലേക്കയച്ചത്.
നാടിന്റെ സുരക്ഷക്കായി കടൽ കടന്നെത്തിയ ‘മിസ്റ്’ (ഈജിപ്ത്) പട്ടാളക്കാരോടുള്ള ബഹുമാനാർത്ഥം പള്ളിക്ക് മിസ്‌റി പള്ളിയെന്ന് പേര് നൽകുകയായിരുന്നു.
കേരളാ നിയമസഭാ സ്പീക്കറും പൊന്നാനി എംഎൽഎയുമായ പി ശ്രീരാമകൃഷ്ണന്റെ ഇടപെടലാണ് പൊന്നാനിയെ കേരളാ സ്‌പൈസസ് റൂട്ടിൽ ഉൾപ്പെടുത്താൻ സഹായകരമായത്. ഇതിന്റെ ഭാഗമായി മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയുടെ ഉന്നതസംഘം പൊന്നാനിയിലെ വിവിധ പൗരാണിക പൈതൃക സ്ഥലങ്ങൾ നേരിട്ട് സന്ദർശിക്കുകയും പഠനറിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയിലൂടെ ഒട്ടനവധി പ്രവർത്തനങ്ങൾക്കാണ് പൊന്നാനി സാക്ഷ്യം വഹിക്കാൻ പോകുന്നത്. തിങ്കളാഴ്ച സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മിസ്‌റി പള്ളി സന്ദർശിക്കുകയും പള്ളിപരിപാലന കമ്മിറ്റി ഭാരവാഹികളുമായി പൈതൃക സംരക്ഷണ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പൊന്നാനി നഗരസഭ ചെയർമാൻ സിപി മുഹമ്മദ് കുഞ്ഞി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒഒ ഷംസു, കൗൺസിലർ നെസിമോൻ,
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കാസിം കോയ തുടങ്ങിയവർ സ്പീക്കറോടൊപ്പമുണ്ടായിരുന്നു .