ആലപ്പുഴ: മഴ ശക്തമായതോടെ അപ്പര്‍ക്കുട്ടനാടന്‍ മേഖല വെള്ളപ്പൊക്ക ഭീഷണിയില്‍. കനത്ത മഴയില്‍ പമ്പാ-അച്ചന്‍കോവിലാറുകളില്‍ വെള്ളം ഉയര്‍ന്നത് അപ്പര്‍ക്കുട്ടനാടന്‍ മേഖലയിലെ ആയിരത്തോളം കുടുംബങ്ങള്‍ക്ക് വെള്ളപ്പൊക്ക ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.
പാണ്ടനാട്, മാന്നാര്‍, ചെന്നിത്തല, തൃപ്പെരുന്തുറ എന്നീ പടിഞ്ഞാറന്‍ മേഖലയിലാണ് വെള്ളപ്പൊക്കം വെല്ലുവിളിയായത്. ആറുകളും, തോടുകളും, പാടശേഖരങ്ങളും കരകവിഞ്ഞൊഴുകി.
മാന്നാര്‍ പാവുക്കര, മൂര്‍ത്തിട്ട മുക്കാത്താരി, വൈദ്യന് കോളനി, വള്ളക്കാലി, മേല്‍പ്പാടം, പൊതുവൂര്‍, തൃപ്പെരുന്തുറ വള്ളാംകടവ്, സ്വാമിത്തറ, ചില്ലിത്തുരുത്തില്, പുത്തനാര്‍, തേവര്‍കടവ്, മഠത്തുപടി, കോട്ടമുറി, വാഴക്കൂട്ടം, പറയങ്കേരികടവ്, നാമങ്കേരി, കാരിക്കുഴി, കാങ്കേരി ദ്വീപ്, വലിയപെരുമ്പുഴ, ചെറുകോല്‍, കോട്ടയ്ക്കകം, പ്രായിക്കര എന്നീ താഴ്ന്ന പ്രദേശങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്.
വരും ദിവസങ്ങളിലും മഴ ശക്തമായാല്‍ ഇവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ പ്രളയത്തില്‍ പൂര്‍ണ്ണമായി മുങ്ങിയ സ്ഥലമാണ് അപ്പര്‍കുട്ടനാട്.
Discussion about this post