തൃശ്ശൂര്‍: ദുബായിയില്‍ ജയിലിന് സമാനമായ പ്രവാസ ജീവിതം നയിച്ച സജീഷിന് ഒടുവില്‍ മോചനം. ജില്ലാ കളക്ടര്‍ എസ് ഷാനവാസിന്റെയും എംഎല്‍എ ഇടി ടൈസണ്‍ മാസ്റ്ററുടെയും ഇടപെടലിലാണ് സജീഷിന് മോചനം ആയത്. സ്വന്തം പിതാവിന്റെ മരണ വിവരം അറിഞ്ഞ് നാട്ടിലെത്താന്‍ വിഷമിക്കുന്നതിനിടെയാണ് സജീഷിന് തുണയായി ഇരുവരും എത്തിയത്.
ഇതോടെ അച്ഛന്റെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാന്‍ സജീഷിനും വഴിയൊരുങ്ങുകയാണ് ചെയ്തത്. നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്ന സജീഷ് നേരെ കൊടുങ്ങല്ലൂര്‍ എടവിലങ്ങിലെ വീട്ടിലാണ് എത്തുക. ദുബായിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന സജീഷ് വിസ കാലാവധി അവസാനിച്ചതിനാലും പാസ്‌പോര്‍ട്ട് തൊഴിലുടമയുടെ കൈവശമായതിനാലും താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങാനാവാതെ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഫോണ്‍ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിരുന്നു.
ദുബായ് സര്‍ക്കാരില്‍ വന്‍തുക പിഴ അടച്ചശേഷം മാത്രം നാട്ടിലെത്താനാവുന്ന സ്ഥിതിയായിരുന്നു. ഇതോടെ ദുരിത ജീവിതം തന്നെയാണ് സജീഷ് അവിടെ നയിച്ചത്. ഇതിനിടെ തിങ്കളാഴ്ച്ച രാവിലെ സജീഷിന്റെ പിതാവ് സദാനന്ദന്‍ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ എംഎല്‍എയും കളക്ടറും ഇടപെടുകയായിരുന്നു. വിവരം അറിഞ്ഞ ഇടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നോര്‍ക്ക റൂട്സ് സിഇഒയെ വിവരം അറിയിച്ചു. ജില്ലാ കളക്ടര്‍ എസ് ഷാനവാസ് സജീഷിന്റെ സുഹൃത്തുക്കളായ പ്രയേഷ്, വിപിന്‍ എന്നിവരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു.
തുടര്‍ന്ന് തൊഴിലുടമയായ ഗുജറാത്ത് സ്വദേശി ഭവേഷ് രവീന്ദ്ര ഗോയലുമായി സംസാരിക്കുകയും സജീഷിനെ നാട്ടിലെത്തിക്കാനുള്ള നടപടികളെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഭവേഷ് രവീന്ദ്ര സജീഷിന് നാട്ടിലെത്താനായി ടിക്കറ്റ് എടുത്തു നല്‍കുകയായിരുന്നു. സദാനന്ദന്റെ മൃതദേഹം സജീഷിന്റെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
Discussion about this post