കൊച്ചി: രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ സുരക്ഷയില്‍ ആശങ്കയോടെ ബന്ധുക്കള്‍.
ബന്ദര്‍ അബ്ബാസ് തുറമുഖത്ത് കപ്പല്‍ അടുപ്പിച്ചതായി ബ്രിട്ടീഷ് കമ്പനി അറിയിച്ചെങ്കിലും പിന്നീട് വിവരമൊന്നുമുണ്ടായില്ല. കപ്പലിലുണ്ട് എന്ന് കരുതപ്പെടുന്ന മറ്റ് രണ്ട് മലയാളികളെ തിരിച്ചറിയാനായിട്ടില്ല. അതേസമയം, മുപ്പത് ദിവസം കഴിഞ്ഞ് വിട്ടയക്കുമെന്ന് വാര്‍ത്തകള്‍ വരുമ്പോഴും ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസ് വണ്ണിലുള്ള മലയാളികളുടെ കുടുംബങ്ങളും ആശങ്കയിലാണ്.
ഹോര്‍മുസ് കടലിടുക്കിലൂടെ പോയ ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്‍ തന്നെ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെ ഇന്നലെ രാത്രി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്‍ അടക്കം 18 ഇന്ത്യക്കാരാണ് കപ്പലിലുളളത്. അതേസമയം, എല്ലാവരും സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇവരെ അറസ്റ്റ് ചെയ്‌തെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍ ഇവര്‍ എത്രത്തോളം സുരക്ഷിതരാണെന്ന കാര്യത്തില്‍ ആശങ്കയിലാണ് വീട്ടുകാര്‍. ഇറാന്‍ പിടിച്ചെടുക്കും മുമ്പ് ഡിജോ വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ അതിനുശേഷം ഫോണ്‍ സ്വിച്ച് ഓഫാണ്. ഫോര്‍ട്ട് കൊച്ചി, തൃപ്പൂണിത്തുറ സ്വദേശികളായ മറ്റ് രണ്ടുപേര്‍ കൂടി കപ്പലിലുണ്ടെന്ന് ഡിജോ ഒരുമാസം മുമ്പ് വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ ഇപ്പോഴും കപ്പലിലുണ്ടോയെന്ന് വ്യക്തമല്ല.