കൊച്ചി: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാജ്കുമാറിന്റെ മരണകാരണം ക്രൂരമര്‍ദ്ദനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
കഴിഞ്ഞ മാസം 21-നാണ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി വാഗമണ്‍ സ്വദേശി രാജ്കുമാര് പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് ആദ്യം പറത്തുവന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രാജ്കുമാറിന്റെ ശരീരത്തില്‍ നിന്ന് 22 പരിക്കുകള്‍ കണ്ടെത്തി.
കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെയാണ് നെടുങ്കണ്ടം സ്റ്റേഷനില്‍ വെച്ച് രാജ്കുമാറിന് ക്രൂരമര്‍ദ്ദനമേറ്റെന്ന് കണ്ടെത്തിയത്. നല്ല രീതിയില്‍ പോയിരുന്ന അന്വേഷണം എങ്ങും എത്താത്ത അവസ്ഥയിലായതോടെ കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പരാതി നല്‍കിയത്.
ഹൈക്കോടതി ഇന്ന് പരിഗണിക്കുന്ന ഹര്‍ജിയില്‍ കസ്റ്റഡിമരണത്തില്‍ ഉത്തരവാദികളായവരില്‍ നിന്നും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്നും ഭാര്യ വിജയ പറയുന്നു. ജൂണ്‍ 12 മുതല്‍ 16 വരെ രാജ്കുമാറിനെ അന്യായമായി കസ്റ്റഡില്‍ പീഡിപ്പിച്ചെന്നാണ് പ്രധാന പരാതി. സംഭവത്തില്‍ എസ്പി,ഡിവൈഎസ്പി, മജിസ്ട്രേറ്റ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ എന്നിവരുടെ വീഴ്ചയും അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.