ഇടുക്കി: വനപ്രദേശങ്ങളില്‍ മാത്രം വിളയുന്ന മൂട്ടിപ്പഴം വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് നേട്ടമുണ്ടാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇടുക്കി വണ്ണപ്പുറം സ്വദേശി ബേബി. ആദിവാസി വര്‍ഗത്തില്‍പ്പെട്ടവരാണ് പ്രധാനമായും ഇത് ആഹാരമാക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, വയനാട് ജില്ലകളിലെ വനപ്രദേശത്താണ് മൂട്ടിപ്പഴം വ്യാപകമായി വളരുന്നത്.
രുചിയിലും കാഴ്ചയിലും റമ്പൂട്ടാന്റെ സാമ്യം ഉണ്ട്. ഏറെ ഔഷധഗുണമുള്ള ഫലമാണ് മൂട്ടിപ്പഴമെന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം, അമിത കൊളസ്ട്രോള്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്കു ഏറെ ഉത്തമമാണ് മൂട്ടിപ്പഴം. വനത്തില്‍ വ്യാപകമായി വിളയുന്ന മൂട്ടിപ്പഴത്തിന്റെ തൈ 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ആദിവാസിയില്‍ നിന്നാണ് ബേബിയ്ക്ക് കിട്ടുന്നത്. വിപണി സാധ്യത തിരിച്ചറിഞ്ഞതോടെ ഏതാനും വര്‍ഷം മുമ്പ് കൃഷി വിപുലപ്പെടുത്തുകയായിരുന്നു.
മരത്തിന്റെ തടിയിലാണ് ഈ പഴം കായ്ക്കുന്നത്. സംസ്ഥാനത്തെ ഏത് മണ്ണില്‍ നട്ടാലും നാലാം വര്‍ഷം കായ്ക്കുമെന്ന് ബേബി പറയുന്നു. ബക്കോറിയ കോര്‍ട്ടലന്‍സിസ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന മൂട്ടിപ്പഴത്തിന്റെ ജന്മദേശം പശ്ചിമഘട്ട മലനിരകളാണ്. പാകമായ ഒരു മരത്തല്‍ നിന്ന് 50 കിലോയാളം പഴം ലഭിക്കും. കിലോയ്ക്ക് 150 രൂപയാണ് നിലവില്‍ കര്ഷകന് ലഭിക്കുന്നത്.
മൂട്ടിപ്പഴമെന്ന് അപൂര്‍വ ഔഷധ സസ്യത്തെ കുറിച്ച് കേട്ടറിഞ്ഞ് കൃഷിമന്ത്രി കഴിഞ്ഞ ദിവസം ബേബിയുടെ വീട്ടിലെത്തിയിരുന്നു. ധാരാളം ഔഷധ ഗുണമുള്ളതാണ് ഈ പഴമെന്നു വിവിധ പഠനങ്ങളില്‍ തെളിയിച്ചതിനാല്‍ ഇവയെ പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ടെന്ന് മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു.
നേര്യമംഗലം ഫാമില്‍ 100 തൈകള്‍ നട്ടുവളര്‍ത്തി പരിപാലിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 150 മരങ്ങളുള്ള ബേബിയുടെ തോട്ടത്തില്‍ ആറ് മരങ്ങള്‍ മാത്രമാണ് കായ്ക്കുന്നത്. രണ്ടു മാസം മുമ്പ് കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധ ഡോ സിആര്‍ എല്‍സി മൂട്ടിപ്പഴമരം പരിശോധിച്ചിരുന്നു. ഇതിന്റെ തൈ മന്ത്രിക്ക് ബേബി നല്‍കിയിരുന്നു. ഇതോടെയാണ് ഇതിന്റെ കൃഷി നേരില്‍ കാണാന്‍ മന്ത്രി താല്പര്യം പ്രകടിപ്പിച്ചത്.
Discussion about this post