തൃശ്ശൂര്‍: ഇത്തവണ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടിന് മഫ്തി വേഷത്തില്‍ എത്തിയ ആളും കൂട്ടിന് വന്ന ആളുമായിരുന്നു താരങ്ങള്‍. മറ്റാരുമല്ല തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജിഎച്ച് യതീഷ് ചന്ദ്രയാണ് മഫ്തി വേഷത്തില്‍ എത്തിയത്. കൂട്ടിന് എത്തിയത് അദ്ദേഹത്തിന്റെ മകനും. അച്ഛന്‍ പോലീസിന്റെ തോളില്‍ ഏറിയാണ് മകന്‍ വിശ്രുത് ചന്ദ്ര ആനയെ കാണാന്‍ എത്തിയത്.
നാല്‍പത്തിയേഴ് ആനകള്‍ ഒന്നിച്ച് അണിനിരന്ന കാഴ്ച കണ്ടപ്പോള്‍ വിശ്രുതിനും ആവേശമായി. കര്‍ണാടക സ്വദേശിയായ യതീഷ് ചന്ദ്ര രണ്ട് വര്‍ഷമായി കുടുംബസമേതം തൃശ്ശൂരിലാണ് താമസം. അന്ന് മുതലുള്ള ആഗ്രഹമാണ് വിശ്രുതിന് ആനയെ ഒന്ന് കാണണമെന്ന്. അങ്ങനെ മകന്റെ ആഗ്രഹം സാധിക്കാനാണ് തോളിലേറ്റ് യതീഷ് ചന്ദ്ര ആനയൂട്ടിന് എത്തിയത്. ആളുകള്‍ ആനയ്ക്കുരുള നല്‍കുന്നതും പഴം നല്‍കുന്നതും കണ്ടപ്പോള്‍ വിശ്രുതിനും ആനയ്ക്ക് പഴം കൊടുക്കണമെന്നായി.
ഉടനെ മകനെ തോളിലേറ്റി പഴം കൊടുക്കാന്‍ അവസരവും ഒരുക്കി നല്‍കി. ആനകളുടേയും പൂരങ്ങളുടേയും നാട്ടില്‍ കമ്മീഷണറായി ചുമതലയേറ്റ മുതല്‍ക്കെയാണ് ആനയോടുള്ള പ്രിയം മകന്‍ പ്രകടമാക്കിയത്. പലപ്പോഴും ആനയെ കാണണമെന്ന് മകന്‍ പറഞ്ഞുവെങ്കിലും ജോലി തിരക്കുള്ളതിനാല്‍ ഒന്നിനും സാധിച്ചില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാം മാറ്റി വെച്ച് മകന്റെ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് ഇദ്ദേഹം. അവധി ദിവസം മകനോടൊപ്പം ബൈക്ക് റൈഡ് മുടങ്ങാതെ ചെയ്യാറുണ്ട് യതീഷ് ചന്ദ്ര. ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ മകനോടൊപ്പം പോകുന്നത് കമ്മീഷണറാണെന്ന് ആളുകള്‍ തിരിച്ചറിയാറു പോലുമില്ല.
Discussion about this post