തിരുവനന്തപുരം; യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിനിടെ കുത്തേറ്റ അഖിലിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. തെളിവെടുപ്പില്‍ ലഭിച്ച കത്തികൊണ്ട് തന്നെയാണ് കുത്തിയതെന്ന് അഖില്‍ പോലീസിന് മൊഴി നല്‍കി.
കോളേജില്‍ നിന്ന് തെളിവെടുപ്പില്‍ ലഭിച്ച കത്തിയുമായി അന്വേഷണസംഘം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. അതേ കത്തികൊണ്ടാണ് തന്നെ കുത്തിയതെന്ന് അഖില്‍ അന്വേഷണ സംഘത്തോട് സ്ഥിരീകരിച്ചു. സംഭവത്തില്‍ ഡോക്ടറുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി.
കേസില്‍ പ്രതികളായ ബാക്കിയുള്ള പത്തു പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാണ് പോലീസ് ആലോചിക്കുന്നത്. അതേ സമയം കോളേജില്‍ സമാധാനം വേണമെന്നും, രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും ചര്‍ച്ച ചെയ്തു ക്യാംപസില്‍ പെരുമാറ്റച്ചട്ടം കൊണ്ട് വരണമെന്നും ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു.
സംഭവത്തില്‍ വിവിധ വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ പ്രതിഷേധ പരിപാടികള്‍ ഇന്നും തുടരും. അതേസമയം നീണ്ട അവധിക്കു ശേഷം നാളെ യൂണിവേഴ്‌സിറ്റി കോളേജ് തുറക്കുമ്പോള്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് വിവിധ യുവജന സംഘടനകളുടെ തീരുമാനം.