തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ഒരാള്‍ മരിച്ചു. ലോഗോ ജങ്ഷനില്‍ കബീറിന്റെ മകന്‍ റാഫി (14) യാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം വീടിനു സമീപമുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിമരിക്കുകയായിരുന്നു. ഇതോടെ രണ്ടുദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി.
അതേസമയം, രാവിലെ ഫോര്‍ട്ടുകൊച്ചി കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. വെള്ളിയാഴ്ച നീണ്ടകരയ്ക്കടുത്ത് വള്ളംമറിഞ്ഞ് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
തമിഴ്‌നാട് കൊല്ലംകോട് നീരോടി സ്വദേശികളായ ജോണ്‍ ബോസ്‌കോ, ലൂര്‍ദ്‌രാജ്, സഹായ രാജ് എന്നിവരെയാണു കാണാതായത്. കിടങ്ങൂര്‍ കാവാലിപ്പുഴയില്‍ കാണാതായ ചേര്‍പ്പുങ്കല്‍ കളപ്പുരയ്കല്‍ മനേഷ് സെബാസ്റ്റ്യനെ കണ്ടെത്തിയില്ല.