വീണ്ടും ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്; തിരുവനന്തപുരത്ത് പ്രൊഫസര്‍ക്ക് നഷ്ടമായത് 42000 രൂപ

ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പില്‍ കേരള യൂണിവേഴ്‌സിറ്റി മുന്‍ വകുപ്പ് മേധാവിയുടെ 42000 രൂപ നഷ്ടമായി.

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്. ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പില്‍ കേരള യൂണിവേഴ്‌സിറ്റി മുന്‍ വകുപ്പ് മേധാവിയുടെ 42000 രൂപ നഷ്ടമായി.

സംഭവം ഇങ്ങനെ…..

കഴിഞ്ഞ രണ്ട് ദിവസമായി പ്രൊഫസര്‍ സുരേഷിന്റെ എസ്ബിഐ ഡെബിറ്റ് കാര്‍ഡില്‍ ഇടയ്ക്കിടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കാര്യവട്ടത്തെ ശാഖയില്‍ പുതിയ കാര്‍ഡിനായി അദ്ദേഹം അപേക്ഷ നല്‍കി.

മണിക്കൂറുകള്‍ക്കകം ഒരു മൊബൈല്‍ നമ്പറില്‍ നിന്ന് ബാങ്ക് മാനേജര്‍ എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ വിളിക്കുകയും, പുതിയ കാര്‍ഡ് ശരിയായി എന്നറിയിക്കുകയും ചെയ്തു. പിന്നീട് അയാള്‍ ഒടിപി ആവശ്യപ്പെട്ടു. അതില്‍ സംശയം തോന്നിയ സുരേഷ് സംഭാഷണം അവസാനിപ്പിച്ചു.

ഇതിനിടെയാണ് 42000 രൂപയുടെ ഓണ്‍ലൈന്‍ ഇടപാട് നടത്തി എന്ന സന്ദേശം ഫോണില്‍ ലഭിച്ചത്. ഡല്‍ഹി കേന്ദ്രമായ ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നാണ് പണം പിന്‍വലിച്ചത്. ഉടന്‍ ബാങ്ക് അധികൃതരെ വിളിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യുകയായിരുന്നു.

ഔദ്യോഗിക വിവരങ്ങളുള്‍പ്പെടെ വിളിച്ച വ്യക്തി വെളിപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് ഇദ്ദേഹം. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.

Exit mobile version