കനത്ത മഴ തുടരുന്നു; കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട്! ജാഗ്രത

അഗ്‌നിശമനസേന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് വയോധികരടക്കമുള്ളവരെ വീടുകളില്‍ നിന്നും മാറ്റിയത്.

കാസര്‍കോട്: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട്ടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട ആളുകളെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. കാഞ്ഞങ്ങാട്, അരയി, പനങ്ങാട്, പുല്ലൂര്‍, പെരിയ, അണങ്കൂര്‍ പ്രദേശങ്ങളിലാണ് വെള്ളം കൂടുതലായി ഉയര്‍ന്നത്. തോടും പുഴകളും കര കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ഒറ്റപ്പെട്ടു. അഗ്‌നിശമനസേന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് വയോധികരടക്കമുള്ളവരെ വീടുകളില്‍ നിന്നും മാറ്റിയത്.

അതേസമയം, ജില്ലയില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരും. ജില്ലയില്‍ താത്കാലിക ദുരിതാശ്വസ ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട്. വെള്ളമുയര്‍ന്നതോടെ കാഞ്ഞങ്ങാട് മടിക്കൈ റോഡ് താല്‍ക്കാലികമായി അടച്ചു. മലയോരത്ത് ചെറിയ തോതില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുണ്ട്. കടലും പ്രക്ഷുബ്ധമാണ്. നാളെയും മഴ തുടര്‍ന്നാല്‍ ദുരിതങ്ങളുമേറുമെന്ന ആശങ്കയിലാണ് അധികൃതരും നാട്ടുകാരും.

അതേസമയം, സംസ്ഥാനത്ത് നാല് ദിവസം കൂടി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കാസര്‍കോട് കൂടാതെ ഇടുക്കി ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version