തൃശ്ശൂര്‍: തലശ്ശേരിയിലെ ദുരന്ത പ്രണയ നായികയായ പ്രിയദര്‍ശിനി ടീച്ചറെ ആരും മറന്നുകാണില്ല. അകാലത്തില്‍ പൊലിഞ്ഞ ലോക്കോപൈലറ്റായ കാമുകനെ തേടി അലയുകയാണെന്നും പറഞ്ഞാണ് സോഷ്യല്‍മീഡിയയില്‍ ടീച്ചറെ കുറിച്ചുള്ള കഥകള്‍ നിറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ പുറത്തുവരുന്ന വിവരം ടീച്ചര്‍ നഷ്ടപ്രണയത്തിലെ ദുരന്തനായിക അല്ലെന്നാണ്. ആ കഥകളൊന്നും സത്യമല്ലെന്നാണ് ഷംരീസ് ബക്കര്‍ എന്ന ജീവകാരുണ്യ പ്രവര്ത്തകന് പറയുന്നത്. തണല്‍ എന്ന സന്നദ്ധ സംഘടനയുടെ പരിചരണത്തില്‍ ടീച്ചറിപ്പോള്‍ സന്തോഷമായി കഴിയുകയാണെന്നും ഷംരീസ് പറയുന്നു.
വിശപ്പ്രഹിത, ഭിക്ഷാടന മുക്ത നഗരമെന്ന ആശയത്തോടെ പ്രവര്‍ത്തിക്കുന്ന ‘അത്താഴക്കൂട്ട’മെന്ന സംഘടനയിലെ അംഗമാണ് ഷംരീസ്. ഒന്നര വര്‍ഷം മുമ്പാണ് പ്രിയദര്‍ശിനി ടീച്ചറെ കണ്ടെത്തിയത്. പ്രിയദര്‍ശിനി ടീച്ചറെ കണ്ടെത്തിയ കഥ ഷംരീസ് പറയുന്നു;
ദുബായിലുള്ള ഒരു സുഹൃത്താണ് തലശ്ശേരിയില്‍ ഇങ്ങനെ ഒരു സ്ത്രീയുണ്ടെന്നും അവരെ കുറിച്ച് വാട്ട്സാപ്പിലും മറ്റും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും വിളിച്ച് പറഞ്ഞത്. ഒന്ന് അന്വേഷിക്കാനും പറഞ്ഞു. അങ്ങനെയാണ് അന്വേഷണം ആരംഭിച്ചത്.
തുടര്‍ന്ന് ഡിവൈഎസ്പി ഓഫീസിന് സമീപമുള്ള വലിയ വീട്ടിലാണ് അവര്‍ താമസിക്കുന്നതെന്ന് മനസിലായി. ചിത്രങ്ങള്‍ പകര്‍ത്തി പരിശോധിച്ചതോടെ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുന്നതായി മനസിലാക്കി. തലശ്ശേരിയിലുള്ള ഒരു ലേഡീസ് സ്റ്റോറില്‍ നിന്നാണ് ഇവര്‍ മേക്കപ്പ് സാധനങ്ങള്‍ വാങ്ങുന്നതെന്ന് നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തി. കടയുടമയില്‍ നിന്നും ടീച്ചറെ കുറിച്ചുള്ള കുറച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കൂടാതെ, ടീച്ചര്‍ ഒരു ബേക്കറിയില്‍ പോയി ബ്രഡും പാലും ബിസ്കറ്റുമെല്ലാം വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടു.
മാത്രമല്ല, അവിടെയുള്ള കോയിന് ബോക്സില്‍ നിന്ന് ഫോണ്‍ വിളിക്കാറുണ്ടെന്ന് ബേക്കറിയുടമ പറഞ്ഞതാണ് വഴിത്തിരിവായത്. ഇതോടെ ഒരു ദിവസം അവര്‍ വിളിച്ചതിന് പിന്നാലെ ആ നമ്പറില്‍ തിരികെ വിളിച്ചു. മറുതലയ്ക്കല്‍ ഫോണെടുത്തത് പ്രിയദര്‍ശിനി ടീച്ചറിന്റെ അനുജത്തി ആയിരുന്നു. മാഹിയില്‍ ജീവിക്കുന്ന ഇവരാണ് ടീച്ചര്‍ക്ക് സാമ്പത്തിക സഹായം നല്കി വന്നിരുന്നത്. ടീച്ചര്‍ക്ക് ഒരു കുടുംബം ഉണ്ടായിരുന്നുവെന്നും ഭര്‍ത്താവ് മരിച്ച് പോയതാണെന്നും അവരിലൂടെ അറിഞ്ഞു.
ടീച്ചറെ കുറിച്ച് അന്വേഷിച്ചത് അവരില്‍ പരിഭ്രമം ഉളവാക്കിയെങ്കിലും പോലീസുകാരുടെ സഹായത്തോടെ അവരുടെ സംശയങ്ങളെല്ലാം മാറ്റി. ഒടുവില്‍ ഇവരെ പറഞ്ഞ് മനസിലാക്കിയതോടെ പ്രിയദര്‍ശിനി ടീച്ചറെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള വഴി തെളിയുകയായിരുന്നു. ടീച്ചറുടെ സഹോദരിയും മാഹിയില്‍ തനിച്ചാണ് താമസം. മറ്റ് ബന്ധുക്കള്‍ കേരളത്തിന് പുറത്താണെന്നും അന്വേഷിച്ച് കണ്ടെത്തി.
അത്താഴക്കൂട്ടത്തിലെ സഹപ്രവര്‍ത്തകരുടെ സഹായത്തോടെ വയനാടുള്ള റീഹാബിലിറ്റേഷന്‍ സെന്ററില്‍ കൊണ്ടു പോയെങ്കിലും അവര്‍ തിരിച്ചയച്ചു. അതൊരു സങ്കടമായെങ്കിലും അതൊരു അനുഗ്രഹമായെന്നാണ് ഷംരീസ് ഇപ്പോള്‍ പറയുന്നത്. വടകരയിലെ തണല്‍ എന്ന സംഘടനയുടെ ചെയര്മാന് കൂടിയായ സുഹൃത്തിനോട് സംസാരിച്ചപ്പോള്‍ നീ പേടിക്കണ്ട, കൊണ്ടു വന്നോളൂ, ഞാന്‍ നോക്കിക്കോളാം എന്ന് ധൈര്യം തന്നു. അങ്ങനെ പോലീസുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ ടീച്ചര്‍ സ്നേഹത്തണലിലേക്ക് എത്തി.
അതേസമയം, അനശ്വര പ്രണയകഥയിലെ നായികയെന്നും പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ നിറയുന്ന കഥകള്‍ ഇനിയും പ്രചരിപ്പിക്കരുതെന്നും ഷംരീസ് പറയുന്നു. മനോരമന്യൂസ്.കോമിനോടാണ് ഷംസീറ് ടീച്ചറുടെ കഥ പങ്കുവച്ചത്.