മൂവാറ്റുപുഴ: സംസ്ഥാനത്ത് മഴ കനത്തതോടെ മലങ്കര, ഭൂതത്താന്‍കെട്ട്, പമ്പ,കല്ലാര്‍കുട്ടി അണക്കെട്ടുകള്‍ തുടന്നു. ജനങ്ങള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിട്ടുണ്ട്. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടര്‍ 10 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. ഇതിലൂടെ സെക്കന്‍ഡില്‍ 10 ക്യൂമെക്‌സ് വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. പമ്പ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു.
സെക്കന്‍ഡിന്‍ 15 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി. ഭൂതത്താന്‍കെട്ട് ഡാമിന്റെ ഒമ്പതു ഷട്ടറുകള്‍ തുറന്നു. അതേസമയം വലിയ അണക്കെട്ടുകളെ സംബന്ധിച്ച് ആശങ്ക വേണ്ടെന്നു വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ള പറഞ്ഞു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വ്യാഴാഴ്ചത്തെക്കാള്‍ 0.78 അടി വര്‍ധിച്ച് 2304.4 അടിയിലെത്തി. കഴിഞ്ഞവര്‍ഷം 2380.42 അടിയായിരുന്നു. 76.02 അടി വെള്ളം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവാണിപ്പോള്‍.പമ്പയ്ക്ക് പുറമെ മൂവാറ്റുപുഴയാറിലും മീനച്ചിലാറ്റിലും ജലനിരപ്പ് കുതിച്ചുയരുകയാണ്.
മഴ ഇനിയും ശക്തമായാല്‍ കോട്ടയം പത്തനംതിട്ട ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുമെന്ന് ദുരിത നിവാരണ അതോറിറ്റി പറഞ്ഞു. ഇതോടെ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വെള്ളിയാഴ്ച്ച പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ചെറുവണ്ണൂര്‍-നല്ലളം പ്രദേശത്ത് വെള്ളം കയറി. ഈ ഭാഗത്തുള്ള 36 കുടുംബങ്ങളിലെ 191 പേരെ നല്ലളം യു.പി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി.
കൂടുതല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടായാലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമാണെന്ന് കോഴിക്കോട് തഹസില്‍ദാര്‍ എന്‍പ്രേമചന്ദ്രന്‍ അറിയിച്ചു. നാല് താലൂക്കുകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുളള കണ്‍ട്രോള്‍ റൂം നമ്പറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 0495-2372966(കോഴിക്കോട്),0495-2223088 (താമരശ്ശേരി),0496-2522361 (വടകര),0496-2620235(കൊയിലാണ്ടി), കളക്ട്രേറ്റ്-1077.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിലെ തീരദേശമേഖലകളിലാണ് കടലാക്രമണം രൂക്ഷമാകുന്നത്.