തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ പലയിടത്തും നാശനഷ്ടം. വിവിധ ജില്ലകളിലായി മഴക്കെടുതിയില്‍ മൂന്നു പോര് മരിച്ചു. നാലു പേരെ കാണാതായി. കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓരോരുത്തര്‍വീതം മരിച്ചത്. അതേസമയം, ഈ മാസം 23 വരെ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
ചില സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്നും മുന്നറിയിപ്പിലുണ്ട്.
കോട്ടയം കിടങ്ങൂര്‍ കാവാലിപ്പുഴ ഭാഗത്ത് മീനച്ചിലാറ്റില്‍ ഒഴുകിവന്ന തടി പിടിക്കാനിറങ്ങിയ ഒരാളെ ഒഴുക്കില്‍പ്പെട്ടു കാണാതായി. കൊല്ലം നീണ്ടകരയില്‍ മീന്‍പിടിക്കാന്‍ പോയ വള്ളം കാറ്റില്‍പ്പെട്ടുതകര്‍ന്ന് തമിഴ്നാട് സ്വദേശികളായ മൂന്നുപേരെ കാണാതായി. വിഴിഞ്ഞം തീരത്തുനിന്നു ബുധനാഴ്ച മീന്‍പിടിക്കാന്‍ പോയ നാലു മത്സ്യത്തൊഴിലാളികളെ വെള്ളിയാഴ്ചയും കണ്ടെത്താനായില്ല.