ചേര്‍ത്തല: ആലപ്പുഴയിലെ ചേര്‍ത്തലയില്‍ കവലയുടെ ഭാഗത്ത് ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയത് കാരണം ജനങ്ങള്‍ ദുരിതത്തില്‍. ഭൂമിക്കടിയില്‍ സ്ഥാപിച്ചിരുന്ന ഗ്ലാസ് റീഇന്‍ഫോഴ്സ്ഡ് പൈപ്പ് (ജിആര്‍പി) ബുധനാഴ്ച്ച രാത്രിയാണ് പൊട്ടിയത്. ഇതോടെ, മഴ പെയ്തിട്ടും കുടിവെള്ളം ലഭിക്കാതെ ജനങ്ങള്‍ വലയുകയാണ്. എത്രയും വേഗം പണികള്‍ തീര്‍ത്ത് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാന്‍ ജല അതോറിറ്റി കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും മഴ അവിടേയും വില്ലനായി. സംഭവത്തെ തുടര്‍ന്ന് ചേര്‍ത്തല നഗരത്തില്‍ പലയിടത്തും ശുദ്ധജല വിതരണം തടസപ്പെട്ടിരിക്കുകയാണ്.
ഇന്നലെ രാവിലെ അറ്റകുറ്റപണികള്‍ തുടങ്ങിയെങ്കിലും മഴ കാരണം പണി നിര്‍ത്തിവെയ്ക്കേണ്ടി വന്നു. പൊട്ടിയ റോഡ് ഭാഗത്തെ മണല്‍ നീക്കിയ ശേഷം പൊട്ടിയ പൈപ്പും മുറിച്ചു നീക്കി പകരം പുതിയത് ഘടിപ്പിക്കുകയും, ഘടിപ്പിക്കുന്നത് ഉറയ്ക്കുകയും വേണം. മഴ കുറഞ്ഞാല്‍ മാത്രമെ ഈ പണികള്‍ സുഗമമായി നടക്കുകയുള്ളൂ. അല്ലെങ്കില്‍ കുഴികളില്‍ വെള്ളം നിറയും. മഴ തുടരുന്നതിനാല്‍ ചെറിയ പന്തല്‍ ഉപയോഗിച്ചു വെള്ളം തടയുന്നുണ്ട്.
വീതി കുറഞ്ഞ റോഡായതിനാല്‍ ഗതാഗത പ്രശ്നങ്ങളും അറ്റകുറ്റപണിയെ ബാധിക്കുകയാണ്. ഗതാഗതം കുറയുന്ന രാത്രിയില്‍ കൂടുതല്‍ സമയം ജോലികള്‍ ചെയ്യാനാണ് അധികൃതരുടെ തീരുമാനം.
Discussion about this post