കണ്ണൂര്‍: ‘കണ്ണൂരാണ്, ഒരു കനല് വീണാല്‍ മതി’ എബിവിപിയുടെ കൊടിമരം ക്യാംപസിന് പുറത്ത് എടുത്ത് ഇട്ടതിന്റെ കാരണം പറഞ്ഞ് ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാള്‍. കഴിഞ്ഞ ദിവസമാണ് അദ്ദേഹം സംഘര്‍ഷാവസ്ഥ കണ്ട് കൊടിമരം കോളേജിന് വെളിയില്‍ ഇട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമാവുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി പ്രിന്‍സിപ്പാള്‍ രംഗത്ത് വന്നിരിക്കുന്നത്.
കോളേജില്‍ എസ്എഫ്ഐയും എബിവിപിയും തമ്മില്‍ ഒരു സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. അത് വളര്‍ന്ന് കോളേജില്‍ ക്രമസമാധാന പ്രശ്നം ആവാതിരിക്കാന്‍ ആയിരുന്നു എബിവിപിയുടെ കൊടിമരം പുറത്ത് കളഞ്ഞത്, പ്രിന്‍സിപ്പാള്‍ പറയുന്നു.
ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഫല്ഗുനന്റെ വാക്കുകള്‍;
‘ക്യാംപസില്‍ എസ്എഫ്ഐയ്ക്കാണ് ഭൂരിപക്ഷമുള്ളത്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനത്തിന് അത് ഒരു വെല്ലുവിളി തന്നെയാണ്. എസ്എഫ്ഐ സ്ഥാപിച്ച കൊടിമരത്തിന് സമീപം കൊടിമരം സ്ഥാപിക്കണമെന്ന ആവശ്യവുമായി എബിവിപി പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. ക്യാംപസില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അവര്‍ക്ക് അനുമതി നല്കി. പക്ഷേ അനുമതി നല്കുമ്പോള് തന്നെ അരമണിക്കൂറിനുള്ളില്‍ കൊടിമരം മാറ്റണമെന്ന നിബന്ധനയും വച്ചിരുന്നു.
നേതാക്കള്‍ ആ സമയത്ത് സമ്മതിച്ചതുമാണ്’. എന്നാല്‍ കൊടിമരം സ്ഥാപിച്ചതിന് പിന്നാലെ നേതാക്കള്‍ നിലപാട് മാറ്റി. ഇത് ക്യാംപസില്‍ ഒരു ഏറ്റുമുട്ടലുണ്ടാക്കുമെന്ന ഘട്ടത്തിലാണ് കടുത്ത നടപടി സ്വീകരിച്ചത്. സംഘര്‍ഷാവസ്ഥ വന്നതോടെ സ്ഥലത്ത് പോലീസ് എത്തി. എന്നാല്‍ ക്യാംപസില്‍ പോലീസിനെ കയറ്റരുതെന്ന് തീരുമാനം എടുത്തിരുന്നു.
അതിനാലാണ് കൊടിമരം നീക്കം ചെയ്ത്, ക്യാംപസിന് പുറത്ത് പോലീസിന് കൈമാറിയത്. എന്നാല്‍ ദൃശ്യങ്ങള്‍ ഇത്രകണ്ട് സമൂഹമാധ്യമങ്ങളില്‍ നിറയുമെന്ന് കരുതിയിരുന്നില്ല. ക്യാംപസില്‍ പഠനാന്തരീക്ഷം നശിക്കാന്‍ പാടില്ല. അതുകൊണ്ട് നാളെ വിദ്യാര്‍ത്ഥി സംഘടനകളുമായി ഒരു സമാധാന ചര്‍ച്ചയ്ക്ക് വിളിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കണ്ണൂരാണ് ഒരു കനല് വീണാല്‍ മതി അത് ഈ ക്യാംപസില്‍ നിന്ന് ആവരുതെന്ന ആഗ്രഹമാണ് നടപടിയിലേക്ക് നയിച്ചത്.
Discussion about this post