അബുദാബി: കഴിഞ്ഞ ദിവസം യുഎഇ സന്ദര്‍ശിച്ച പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എകെ ബാലന്‍ അബുദാബിയിലും വിവിധ തൊഴില്‍ദാതാക്കളുമായി ചര്‍ച്ച നടത്തി. വിദ്യാസമ്പന്നരായ പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വിദേശതൊഴില്‍ ലഭ്യമാക്കുന്നതിനായാണ് കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രി വിദേശപര്യടനം നടത്തുന്നത്.
പ്രൊഫഷണല്‍ വിദ്യാഭ്യാസം ഉണ്ടായിട്ടും നല്ല ജോലി ലഭിക്കാത്ത എത്രയോ പട്ടികജാതി-പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ കേരളത്തിലുണ്ടെന്നും അവര്‍ക്കായി സ്വദേശത്തും വിദേശത്തും തൊഴില്‍ കണ്ടെത്തി നല്‍കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും തൊഴില്‍ദാതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി പറഞ്ഞു.
കേരളത്തില്‍ ഇതിനോടകം തന്നെ സ്‌പെഷ്യല്‍ റിക്രൂട്‌മെന്റ് വഴി പോലീസിലും എക്‌സൈസിലും നൂറ് പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കള്‍ക്ക് നിയമനം നല്‍കി കഴിഞ്ഞു. ഗോത്രബന്ധു എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ച് സ്‌കൂളുകളില്‍ മെന്റര്‍ ടീച്ചര്‍മാരെ നിയമിച്ചു. പഠനമുറികള്‍ ആരംഭിച്ച് അവിടങ്ങളില്‍ ട്യൂട്ടര്‍മാരെയും നിയമിച്ചിട്ടുണ്ട്.
ജോബ്‌ഫെയറുകള്‍ നടത്തിയും സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് വകുപ്പിന്റെ പദ്ധതികള്‍ വഴി തൊഴില്‍ കണ്ടെത്തി നല്‍കിയും പട്ടികവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. ഒരേ സമയം മെച്ചപ്പെട്ട വിദ്യാഭ്യാസവും മികച്ച ശമ്പളത്തോടെയുള്ള തൊഴിലുമാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നല്‍കിവരുന്നത്. ഇതിന്റെ ഭാഗമായി വിദേശത്ത് കൂടി തൊഴില്‍ കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന നൈപുണ്യ വികസന പരിശീലനത്തിന്റെ ഭാഗമായി ട്രെയിനിങ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശത്ത് തൊഴിലിടം കണ്ടെത്തുകയാണ് മന്ത്രിയുടെ വിദേശപര്യടനത്തിന്റെ ലക്ഷ്യം. വിദേശത്ത് സ്വന്തമായി ജോലി കരസ്ഥമാക്കിയ പട്ടിക വിഭാഗക്കാരായ യുവാക്കളെ സന്ദര്‍ശിച്ച് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള സാധ്യതകളും മന്ത്രി ആരായുന്നുണ്ട്.
ഉദ്യോഗാര്‍ത്ഥികളെ വിദേശത്തേക്ക് ജോലിക്ക് എത്തിക്കുന്നതിന് വരുന്ന ചെലവുകള്‍ ഉള്‍പ്പടെ സര്‍ക്കാര്‍ വഹിക്കുന്നതാണ് നൈപുണ്യ വികസന പരിശീലന പരിപാടി. കഴിഞ്ഞ മൂന്ന് വര്‍ഷമായി വിവിധ തൊഴിലുകള്‍ക്കായി 2358 യുവാക്കള്‍ക്കാണ് പരിശീലനം നല്‍കിയത്. നിലവില്‍ 234 ഉദ്യോഗാര്‍ത്ഥികള്‍ വിദേശത്ത് ഈ പദ്ധതി മുഖേനെ ജോലി നേടി കഴിഞ്ഞു. 1300 യുവാക്കള്‍ക്ക് തൊഴില്‍ ഉടനെ ലഭ്യമാക്കുക എന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ബാങ്കിങ്, ഇന്‍ഷുറന്‍സ്, ഐടി, ആരോഗ്യരംഗം, ഫിനാന്‍സ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി സന്നദ്ധരായ തൊഴില്‍ദാതാക്കളുടെ യോഗം ദുബായിയിലും അബുദാബിയിലും വിളിച്ചുചേര്‍ത്തു. നൂറോളം സംരംഭകര്‍ പങ്കെടുത്തു. മന്ത്രിയോടൊപ്പം പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ ഐഎഎസും ഉണ്ടായിരുന്നു.
Discussion about this post