തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍കുമാര്‍ കൊലപാതകം ക്രൈംബ്രാഞ്ച് ഐജി നേരിട്ട് അന്വേഷിക്കും. ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. കേസില്‍ ഐജി തലത്തിലുളള അന്വേഷണം വേണം എന്ന സനലിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.
സനല്‍ കുമാറിന്റെ മരണം അപകടമരണമാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന് ഭാര്യ വിജി ആരോപിച്ചിരുന്നു. കേസ് അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണമെന്നും അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
കൊലപാതകം നടന്ന് ഏഴ് ദിവസം കഴിഞ്ഞിട്ടും പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ പിടികൂടാന്‍ കഴിയാത്തത് വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. അതെസമയം ഡിവൈഎസ്പി ഹരികുമാറിനെ സഹായിച്ച ലോഡ്ജ് മാനേജര്‍ പിടിയിലായിട്ടുണ്ട്. ലോഡ്ജ് മാനേജര്‍ സതീഷാണ് പിടിയിലായത്.
സനല്‍ കുമാറിനെ വണ്ടിക്കു മുന്നിലേക്ക് തള്ളിയിട്ട ശേഷം ഡിവൈഎസ്പി ഹരികുമാര്‍ ആദ്യം എത്തിയത് ഈ ലോഡ്ജിലാണ്. കൂടാതെ ഇയാള്‍ ഡിവൈഎസ്പിയ്ക്ക് രണ്ട് സിംകാര്‍ഡുകള്‍ നല്‍കിയെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അടുത്ത ബന്ധമുള്ളവരുമായി ഹരികുമാര്‍ ബന്ധപ്പെട്ടത് ഈ സിംകാര്‍ഡുകളില്‍ നിന്നാണ്. എന്നാല്‍ ഈ സിം കാര്‍ഡുകള്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്.