പാലക്കാട്: തീറ്റമത്സരം അനവധി ഉണ്ടാകാറുണ്ട്. ഏറ്റവും അധികം തീറ്റ മത്സരത്തില്‍ കാണുന്നത് അവിലും പഴവും മറ്റും ഒക്കെ ആയിരിക്കും. എന്നാല്‍ പാലക്കാട് നടന്ന തീറ്റമത്സരം അല്‍പ്പം വ്യത്യസ്തമാണ്. ബിരിയാണിയാണ് ഇവിടെ വിളമ്പിയത്. ആവി പറക്കുന്ന ബിരിയാണി കഴിക്കേണ്ടത് വെറും ഒന്നരമിനിറ്റുകൊണ്ടാണ്. ഒന്‍പതു വയസ്സുള്ള പെണ്‍കുട്ടി മുതല്‍ വിവിധ പ്രായത്തിലുള്ള 350 പേരാണ് തീറ്റമത്സരത്തിനെത്തിയത്.
തീറ്റക്കാരുടെ തിരക്കു കാരണം നാലു ഘട്ടങ്ങളെടുത്തു മത്സരം പൂര്‍ത്തിയാക്കാന്‍. ഉദ്ഘാടകന്‍ വിസില്‍ അടിച്ചതോടെ തീറ്റമത്സരം മുറുകി. നാലുഭാഗത്ത് നിന്നും ഭക്ഷണം കഴിക്കുന്നതിന്റെ ഒച്ചപ്പാടും ബഹളവും ഉയര്‍ന്നു. ഒന്ന് ഉരുട്ടിപിടിക്കാന് നിക്കാതെ വാരി വായിലേയ്ക്ക് ഇട്ട് വെള്ളം കുടിച്ച് ഇറക്കുകയായിരുന്നു. അവസാനം ഒരു കിലോ ബിരിയാണി ഒരു മിനിറ്റ് 36 സെക്കന്റില്‍ കഴിച്ച് തീര്‍ത്ത് പാറ സ്വദേശി ആദര്‍ശ് ഒന്നാമതെത്തി. സമ്മാനമായ 10000 രൂപയും പോക്കറ്റിലാക്കുകയും ചെയ്തു.
രണ്ടാം സ്ഥാനം നേടിയ യാക്കര സ്വദേശി വിനോദ് ഒരു മിനിറ്റ് 56 സെക്കന്റ് കൊണ്ടാണ് ബിരിയാണി തിന്നത്. എല്ലാവരെയും അമ്പരപ്പിച്ചതും വേറിട്ട് നിന്നതും ജന്മനാ കാഴ്ച ശക്തി ഇല്ലാത്ത വിനോദിന്റെ പ്രകടനം തന്നെയാണ്. ഗ്രീന്‍വാലി ഓഫ് പാലക്കാടും ബഫറ്റ് ലോഞ്ചും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്.
Discussion about this post