കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ അടിക്കടി കുടിവെള്ളം മുടങ്ങുന്നതില്‍ പ്രതികരിച്ച് എംടി വാസുദേവന്‍ നായര്‍. ഇപ്പോള്‍ ഉറങ്ങും മുമ്പ് ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കുന്നതിന് പകരം കോര്‍പ്പറേഷന്റെ കുടിവെള്ള പൈപ്പ് പൊട്ടരുതേയെന്നാണ് പ്രാര്‍ത്ഥന എന്നാണ് എംടി പറഞ്ഞത്.
തോമസ് ഐസക് എഴുതിയ ‘ജനകീയ ബദലുകളുടെ നിര്‍മ്മിതി, ഊരാളുങ്കല്‍ സൊസൈറ്റി അനുഭവം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ വെച്ചായിരുന്നു അദ്ദേഹം ഇതിനെ കുറിച്ച് സംസാരിച്ചത്. ധനമന്ത്രി തോമസ് ഐസക്, എംഎല്‍എ എ പ്രദീപ് കുമാര്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് എന്നിവര്‍ വേദിയില്‍ ഇരിക്കവെയാണ് അദ്ദേഹം കുടിവെള്ളം മുടങ്ങുന്നതിനെ കുറിച്ച് പരാമര്‍ശിച്ചത്.
ഉറങ്ങും മുമ്പ് ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കുന്നതിന് പകരം ഇപ്പോള്‍ ചെയ്യുന്നത് കോര്‍പ്പറേഷന്റെ കുടിവെള്ള പൈപ്പ് പൊട്ടരുതേ എന്നാണെന്നും ഇരുപത് ദിവസത്തിലേറെ വെള്ളം കിട്ടാതിരുന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സാമ്പത്തിക പ്രയാസമുണ്ടെന്നും കിഫ്ബി വഴി ധനമന്ത്രി പണം അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നുമായിരുന്നു കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ ഇതിന് നല്കിയ മറുപടി. എംടിയെ പോലെയുള്ള ഒരാള്‍ ഇത്തരമൊരു കാര്യം ചൂണ്ടിക്കാണിക്കുമ്പോള്‍ പ്രശ്നം ഗൗരവമായി തന്നെ പരിഗണിക്കുമെന്നാണ് തോമസ് ഐസക്ക് പ്രതികരിച്ചത്.
Discussion about this post