നടക്കാവ്: കള്ള് ഷാപ്പില് കയറി നടത്തിയ മോഷണം ആണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. മോഷണത്തിന് കയറിയപ്പോള്‍ ആര്‍ത്തി മൂത്ത കള്ളന് കള്ളും കുടിച്ച് ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. മൂന്ന് കുപ്പി കള്ളും ഭക്ഷണവുമാണ് കള്ളന് അകത്താക്കിയത്.
തൃക്കരിപ്പൂരിലെ നടക്കാവിലെ ഒരു കള്ള് ഷാപ്പിലാണ് സംഭവം നടന്നത്. പൂട്ട് കുത്തിത്തുറന്നു ഷാപ്പിനകത്തു കയറിയ മോഷ്ടാവ് മേശവലിപ്പില്‍ സൂക്ഷിച്ച ആയിരം രൂപ ആദ്യം കവര്‍ന്നു. ശേഷം കുപ്പികളില്‍ നിറച്ചു വച്ച കള്ള് അകത്താക്കി. അപ്പോഴാണു ഭക്ഷണം കണ്ടത്. അതും കഴിച്ചു.
മോഷ്ടിച്ചതില്‍ നിന്ന് 100 രൂപ ഭക്ഷണ പാത്രത്തിനു മുകളില്‍ വെയ്ക്കുകയായിരുന്നു. കാര്യം മോഷണമാണ് ജോലിയെങ്കിലും കഴിച്ച ഭക്ഷണത്തിന്റെ പണം നല്കിയ ആ സത്യസന്ധത ആരും കാണാതെ പോകരുതെന്നായിരുന്നു സമൂഹമാധ്യമങ്ങള്‍ പറയുന്നത്. ഷാപ്പിനെ കുറിച്ചു നല്ല നിശ്ചയമുള്ളവരാണ് മോഷണത്തിനു പിന്നിലെന്നാണ് നിഗമനം. ഉടമയുടെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്തിട്ടുണ്ട്. മഴ എത്തിയതോടെ മോഷ്ടാക്കളുടെ ശല്യം ഏറിയതായി നാട്ടുകാരും കൂട്ടിച്ചേര്‍ത്തു.
Discussion about this post