തൃശ്ശൂര്‍; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ അക്രമത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന കമ്മറ്റി അംഗവും മുന്‍ എംപിയുമായ എംബി രാജേഷ്. ആശയങ്ങള്‍ ചോര്‍ന്നവരാണ് ആയുധങ്ങളെ ആശ്രയിക്കുകയെന്ന് എംബി രാജേഷ് പറഞ്ഞു. രാഷ്ട്രീയം വാര്‍ന്നു പോയ ആള്‍ക്കൂട്ടങ്ങളുടെ താവളമല്ല എസ്എഫ്ഐ എന്നും എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
പേശീബലത്തിലല്ല ചിന്തയുടേയും നിലയ്ക്കാത്ത ചോദ്യങ്ങളുടെയും ഊര്‍ജ്ജത്തിലാണ് എസ്എഫ്ഐ കേരളത്തിലെ കാമ്പസുകളിലെ മഹാ പ്രസ്ഥാനമായി മാറിയത്. വളരുമ്പോള്‍, എണ്ണത്തില്‍ പെരുകുമ്പോള്‍ എസ്എഫ്ഐക്ക് ചേരാത്ത വരും ഒപ്പം ചേരുമെന്നും എംബി രാജേഷ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എംബി രാജേഷിന്റെ വിമര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റ്;
‘പഴം പുരാണം പറയേണ്ട സമയമല്ല എന്നറിയാം.എങ്കിലും യൂണിവേഴ്സിറ്റി കോളേജ് സംഭവം സംബന്ധിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റേയും SFI പ്രസിഡന്റ് സാനുവിന്റെയും പോസ്റ്റുകള്‍ പഴയ ഓര്‍മ്മകള്‍ ഉണര്‍ത്തി. എന്താണ് SFI യെന്നും എന്തല്ല SFI എന്നുമാണ് അവരിരുവരും പറഞ്ഞത്. ഞാന്‍ SFI യിലേക്ക് ആകര്ഷിക്കപെട്ട കാലം ഓര്‍ത്തു പോയി.
തീര്‍ത്തും ഇടതുപക്ഷ വിരുദ്ധമായ പശ്ചാത്തലത്തില്‍ നിന്നായിരുന്നുഞാന് വന്നത്. പക്ഷേ ഞാന്‍ കണ്ട SFI
നേതാക്കളോടുള്ള മതിപ്പാണ് പ0നവും പാഠ്യേതര പ്രവര്‍ത്തനങ്ങളും മാത്രം ശ്രദ്ധിച്ച് നടന്നിരുന്ന എന്നെ അക്കൂട്ടത്തിലേക്ക് ആകര്‍ഷിച്ചത്.( ഒരു ചോദ്യത്തിന് പീറ്റര്‍ ബോത്ത എന്ന ശരിയുത്തരം പറഞ്ഞതാണ് കാരണമെന്ന് അന്നത്തെ നേതാവായിരുന്ന ശ്രീരാമകൃഷ്ണന് പറയാറുണ്ട്.) ചന്ദ്രബാബുവിനേയും രഘുവിനേയും പോലുള്ള എന്റെ നാട്ടിലെ SFI പ്രവര്‍ത്തകര്‍ എന്നോട് ആദ്യം പറഞ്ഞത് പുസ്തകങ്ങളെക്കുറിച്ചാണ്.
കവിതയുടേയും സാഹിത്യത്തിന്റേയും ലോകത്തേക്കാണ് നയിച്ചത്. അവിടെ നിന്ന് പുതിയ ആശയങ്ങളുടെ ലോകം അവര്‍ പതുക്കെ പരിചയപ്പെടുത്തി. നാരായണ ദാസ് മാര്‍ക്സിസത്തിന്റെ ബാലപാഠങ്ങള്‍ ലളിതമായി പറഞ്ഞു.അടാട്ട് രഘു മാഷ് ഇടിമിന്നല്‍ പോലുള്ള പ്രസംഗങ്ങളിലൂടെ തിരിച്ചറിവുകളിലേക്ക് വിളിച്ചുണര്‍ത്തി. ഒരു പത്താം ക്ലാസുകാരന്റെ അകം അവര്‍ ആശയങ്ങളുടേയും സംസ്കാരത്തിന്റെയും
വെളിച്ചം കൊണ്ട് പ്രകാശമാനമാക്കി.. ക്യാമ്പസിലെ ഏറ്റവും നല്ല വിദ്യാര്‍ത്ഥികളും എഴുത്തുകാരും വരയ്ക്കുന്നവരും പ്രസംഗകരും എല്ലാം SFI യിലായിരുന്നു. പോസ്റ്ററുകളിലും ചുമരെഴുത്തിലുമെല്ലാം കവിത പുത്ത കാലം. പാലപ്പുറത്ത് കോളേജിന്റെ പിന്നിലെ എലൈറ്റ് ലോഡ്ജിലെ മാസം 50രുപ. വാടകയുള്ള SFI
മുറിയിലെ ചുമരില്‍ വേര്‍ഡ്സ് വ ര്‍ ത്തിന്റെ വരികള്‍ കോറിയിട്ടിരുന്നു.. Poetry is the sponta neous overflow of Powerful feelings!
വേറെ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചുവപ്പും കറുപ്പും പോസ്റ്റര്‍ കളറില്‍ ചാരുതയാര്‍ന്ന അക്ഷരങ്ങള്‍ കൊണ്ട് തീക്ഷ്ണാശയങ്ങള് ആവിഷ്കരിച്ച സത്യന്റെ പോസ്റ്ററുകള്‍ ക്യാമ്പസിനെ അലങ്കരിച്ചിരുന്നു.
ബെഞ്ചമിന്‍ മൊളോയ്സും കെന്സാരോവിവയേയുമൊക്കെ അവയില്‍ നിറഞ്ഞു.കിടയറ്റ വര കൊണ്ട് വിസ്മയിപ്പിച്ച, പില്ക്കാലത്ത് വിഖ്യാത ചിത്രകാരനായിത്തീര്ന്ന മരിച്ചു പോയ രാജന് കൃഷ്ണനാണ് മറ്റൊരു പോസ്റ്ററെഴുത്തുകാരന്. പാബ്ലോ പിക്കാസോയുടെ ചിത്രം ‘ഗോര്ണിക്കാ’ ടാബ്ലോയായി അവതരിപ്പിച്ച് സര്‍വ്വകലാശാല കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയത് രാജന്റെ നേതൃത്വത്തിലായിരുന്നു. എല്ലാ രംഗങ്ങളിലും മികവ് പുലര്‍ത്തിയ പ്രതിഭകളുടെ സംഘം.
സൂര്യനു കീഴിലുള്ള സകല കാര്യങ്ങളും ആവേശത്തോടെ ചര്‍ച്ച ചെയ്തിരുന്ന യോഗങ്ങള്‍. അതിനുള്ള വിശദ മറുപടികള്‍. പ്രവര്‍ത്തനങ്ങളില്‍ SFI യും തെരഞ്ഞെടപ്പില്‍ KSU വും എന്നതായിരുന്നു സ്ഥിതി. മിക്കപ്പോഴും ഞങ്ങള്‍ തോല്‍ക്കും.
എന്നാല്‍ അതൊന്നും പ്രവര്‍ത്തന വീറിനെ ബാധിച്ചില്ല. അത്യപൂര്‍വ്വമായ സംഘര്‍ഷങ്ങളുണ്ടായിട്ടില്ല എന്നല്ല. ആശയ സംവാദ ങ്ങളും സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളുമായിരുന്നു എപ്പോഴും മുന്നില്‍. സ്വാശ്രയ പ്രശ്നത്തില്‍ മന്ത്രിയായിരുന്ന ഇ.ടി.ക്ക് ദേശീയ പുസ്തകോല്‍സവ വേദിയില്‍ വെച്ച് കരിങ്കൊടി കാണിച്ചത് മറ്റൊരോര്‍മ്മ.
പുസ്തകോത്സവത്തോടനുബന്ധിച്ചു നടത്തിയ കവിതാ രചനാ മത്സരത്തില്‍ ഒന്നാം സമ്മാനക്കാരനായ രൂപേഷ് സമ്മാനം വാങ്ങാന്‍ വിസമ്മതിച്ച് കരിങ്കൊടി കാണിക്കുകയായിരുന്നു! അതിന് കിട്ടിയ സമ്മാനമോ ലാത്തി കൊണ്ട് തലക്കടി. തല പൊട്ടി ചോരയൊലിപ്പിച്ചു നില്ക്കുന്ന കവിയുടെ ചിത്രം മനസ്സിലിപ്പോഴുമുണ്ട്.
ഇത് ഒരിടത്തെയോ ഒരാളുടെ മാത്രമോ അനുഭവമായിരിക്കില്ല. ഇതൊക്കെയാണ് SFI യുടെ ഒസ്യത്ത് .അതിനെയാണ് യുണി.കോളേജിലെ SFIലേബല്‍ അണിഞ്ഞ ഒരു അക്രമിക്കുട്ടം കത്തി കൊണ്ട് റദ്ദാക്കാന്‍ ശ്രമിച്ചത്.അഷ്റഫും സെയ്താലിയും മുതല്‍ അഭിമന്യു വരെയുള്ളവര്‍ ഹൃദയം പിളര്‍ന്ന കത്തി ഒരിക്കലും SFI
യുടെ ആയുധമാവുക വയ്യ.
ആശയങ്ങള്‍ ചോര്‍ന്നവരാണ് ആയുധങ്ങളെ ആശ്രയിക്കുക. രാഷ്ട്രീയം വാര്‍ന്നു പോയ ആള്‍ക്കൂട്ടങ്ങളുടെ താവളമല്ല SFI.പേശീബലത്തിലല്ല ചിന്തയുടേയും നിലയ്ക്കാത്ത ചോദ്യങ്ങളുടെയും ഊര്‍ജ്ജത്തിലാണ് SFI കേരളത്തിലെ കാമ്പസുകളിലെ മഹാ പ്രസ്ഥാനമായി മാറിയത്. വളരുമ്പോള്‍, എണ്ണത്തില്‍ പെരുകുമ്പോള്‍ SFI ക്ക് ചേരാത്ത വരും ഒപ്പം ചേരും.അവര്‍ വഹിക്കുന്ന ജീര്‍ണ്ണതകള്‍ക്ക് പ്രസ്ഥാനമാകെ വില കൊടുക്കേണ്ടി വരും.SFI യെയും പുരോഗമനാശയങ്ങളേയും ഉന്മൂലനം ചെയ്യാനാഗ്രഹിച്ചവര്‍ക്ക് അതിനേക്കാള്‍ മികച്ച ആയുധം വേറെന്തുണ്ട്? മേധാവിത്വത്തിന്റെയും അധികാര ഗര്‍വ്വിന്റേയും കോട്ടകള്‍ തകര്‍ത്താണ് SFI യുടെ ശുഭ്ര പതാക ഉയര്‍ന്നിട്ടുള്ളത്.അടിയന്തിരാവസ്ഥക്കാലം ഓര്‍മ്മിക്കുക.. അത് ബാക്കിയുള്ളവരെയെല്ലാം പുറത്താക്കി സ്വന്തം കോട്ടകള്‍ കെട്ടി ഉയര്‍ത്താനല്ല.
മഹാത്മാ ഗാന്ധിയുടെ പേരിലുള്ള കലാലയം കാവിക്കോട്ടയാക്കിയതല്ല മാതൃക. അവിടുത്തെ ആയുധപ്പുരകള്‍ തേടി കാമറ കണ്ണുകള്‍ ചെല്ലുന്നുണ്ടാവില്ല. ആ കോട്ടയും തകര്‍ത്ത് ചിന്തയുടേയും സര്‍ഗാത്മകതയുടേയും ജനാധിപത്യ ബോധത്തിന്റേയും വിശാല തുറസ്സുകള്‍ തീര്‍ക്കുകയാണ് വേണ്ടത്.ഇരുള് മൂടിയ തലച്ചോറുകളെ ആശയ വെളിച്ചം കൊണ്ടാണ് ആക്രമിക്കേണ്ടത്. കാമ്പസുകളില്‍ ആട്ടവും പാട്ടും പഠനവും സംവാദങ്ങളുമൊക്കെ നിര്‍ഭയം നടക്കട്ടെ.
ക്ലാസ് മുറികളിലും വരാന്തകളിലും മരച്ചോടുകളിലുമെല്ലാം കാമ്പസിന്റെ ജീവന് എപ്പോഴും തുടിച്ചു നില്ക്കട്ടെ. അതിനെ ഭയപ്പെടുന്നവര്‍ പ്രതിലോമശക്തികളാണ്.അവരിനി SFl വേഷം ധരിച്ചു വന്നാലും.മാനായി വരുന്ന മാരീചനെപ്പോലെ. ആ മാരീചന്മാരുടെ താവളമല്ല ശുഭ്രപതാകയേന്തുന്ന പ്രസ്ഥാനം’
Discussion about this post