യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവം; വിമര്‍ശിച്ച് സ്പീക്കര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐയെ രൂക്ഷമായി വിമര്‍ശിച്ച് നിയമസഭാ സ്പീക്കറും സിപിഎം സംസ്ഥാന സമിതിയംഗവുമായ പി ശ്രീരാമകൃഷ്ണന്‍. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനവുമായി സ്പീക്കര്‍ രംഗത്തെത്തിയത്.

‘എന്റെ ഹൃദയം നുറുങ്ങുന്നു, കരള്‍പിടയുന്ന വേദനകൊണ്ട് തേങ്ങുന്നു, ലജ്ജാഭാരം കൊണ്ട് ശിരസ്സ് പാതാളത്തോളം താഴുന്നു, ഓര്‍മ്മകളില്‍ മാവുകള്‍ മരത്തകപ്പച്ച വിരിച്ച മനോഹരമായ എന്റെ കലാലയം’എന്ന വാക്കുകളില്‍ തുടങ്ങി ‘ഓര്‍മ്മകളുണ്ടായിരിക്കണം, അവിടെ ഞങ്ങളുടെ ജീവന്റെ ചൈതന്യമുണ്ട്. ചിന്തയും വിയര്‍പ്പും, ചോരയും കണ്ണുനീരുമുണ്ട്’ എന്ന വാക്കുകളിലാണ് പി ശ്രീരാമകൃഷ്ണന്‍ ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം…

അഖിൽ
—————
എന്റെ ഹൃദയം നുറുങ്ങുന്നു, കരൾപിടയുന്ന വേദനകൊണ്ട് തേങ്ങുന്നു. ലജ്ജാഭാരം കൊണ്ട് ശിരസ്സ് പാതാളത്തോളം താഴുന്നു. ഓർമ്മകളിൽ മാവുകൾ മരത്തകപ്പച്ച വിരിച്ച മനോഹരമായ എന്റെ കലാലയം.

സ്നേഹസുരഭിലമായ ഓർമ്മകളുടെ ആ പൂക്കാലം.”എന്റെ, എന്റെ “എന്ന് ഓരോരുത്തരും വിങ്ങുന്ന തേങ്ങലോടെ ഓർത്തെടുക്കുന്ന വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ സ്നേഹനിലാവ്. യുവലക്ഷങ്ങളുടെ ആ സ്നേഹനിലാവിലേക്കാണ് നിങ്ങൾ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്. ഈ നാടിന്റെ സർഗ്ഗാത്‌മക യൗവ്വനത്തെയാണ് നിങ്ങൾ ചവുട്ടി താഴ്ത്തിയത്.

നിങ്ങൾ ഏതു തരക്കാരാണ്? എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല? ഏതു പ്രത്യശാസ്ത്രമാണ് നിങ്ങൾക്ക് തണൽ? നിങ്ങളുടെ ഈ ദുർഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്.

മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വർഗം നമുക്ക് വേണ്ട. ഇതിനേക്കാൾ നല്ലത് സമ്പൂർണ്ണ പരാജയത്തിന്റെ നരകമാണ്. തെറ്റുകൾക്കുമുമ്പിൽ രണ്ടു വഴികളില്ല, ശിരസ്സു കുനിച്ചു മാപ്പപേക്ഷിക്കുക.നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക. കാലം കാത്തു വച്ച രക്തനക്ഷത്രങ്ങളുടെ ഓർമ്മകൾ മറക്കാതിരിക്കുക.

ഓർമ്മകളുണ്ടായിരിക്കണം, അവിടെ ഞങ്ങളുടെ ജീവന്റെ ചൈതന്യമുണ്ട്. ചിന്തയും വിയർപ്പും, ചോരയും കണ്ണുനീരുമുണ്ട്.

Exit mobile version