കണ്ണൂര്‍: ആര്‍എസ്എസ് കൊലപ്പെടുത്തിയ സിപിഎം പ്രവര്ത്തകന് ധന്‍രാജിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സിപിഎം നേതാവ് പി ജയരാജന്. സിപിഎമ്മിനെ തകര്‍ക്കാനായുള്ള സംഘപരിവാറിന്റെ പദ്ധതിയുടെ ഭാഗമായിരുന്നു ധനരാജിന്റെ കൊലപാതകമെന്നും ഇത്തവണ ഫാസിസ്റ്റു ശക്തികളുടെ വെല്ലുവിളി കൂടുതല്‍ ആപല്‍ക്കരമായ തീര്ന്നിരിക്കുന്നെന്നും പി ജയരാജന് ഫേസ്ബുക്കില്‍ കുറിച്ചു.
സംഘപരിവാറിനെ കടന്നാക്രമിക്കുന്നതിനൊപ്പം കോണ്‍ഗ്രസിന്റെ നയങ്ങളേയും ജയരാജന് വിമര്‍ശന വിധേയമാക്കി. ഗോവയിലേയും കര്‍ണാടകയിലേയും കോണ്‍ഗ്രസ് എംഎല്‍എമാരും നേതാക്കളും കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുന്നതിനെ പരിഹസിച്ച ജയരാജന് ഒരു കോണ്ഗ്രസുകാരന് ഐസിയുവില്‍ കിടക്കുന്ന സന്ദര്‍ഭത്തിലും ‘കാല് മാറാന്‍ ചാന്‍സുണ്ടോ, എത്ര കിട്ടും’ എന്നായിരിക്കും ചിന്തിക്കുകയെന്നും കുറ്റപ്പെടുത്തി.
പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ആര്‍എസ്എസ് കൊലക്കത്തിക്കിരയായി ധീരരക്തസാക്ഷിത്വം വരിച്ച പയ്യന്നൂരിലെ ഉശിരനായ സിപിഐഎം പ്രവര്‍ത്തകനായിരുന്ന സ:ധനരാജിന് അഭിവാദനങ്ങള്‍…
സിപിഐഎമ്മിനെ തകര്‍ക്കാനായുള്ള സംഘപരിവാര ശക്തികളുടെ പദ്ധതിയുടെ ഭാഗമായിരുന്നു ധനരാജിന്റെ കൊലപാതകവും. ഇത്തവണ സഖാവിന്റെ സ്മരണ പുതുക്കുമ്പോള്‍ ഫാസിസ്റ്റു സ്വഭാവമുള്ള ശക്തികളുടെ വെല്ലുവിളി കൂടുതല്‍ ആപല്‍ക്കരമായ തീര്‍ന്നിരിക്കുന്നു. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെ ഉപയോഗപ്പെടുത്തി അധികാരക്കസേരയില്‍ എത്തിയവര്‍ ഒരു രാഷ്ട്രം,ഒരു തെരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിച്ച് കൊണ്ട് ജനാധിപത്യ മൂല്യങ്ങളുടെ അടിവേരറുക്കാനാണ് ശ്രമം നടത്തുന്നത്.
ഭരണകൂട സംവിധാനത്തിന്റെ നാനാ തലങ്ങളില്‍ അവര്‍ പിടിമുറുക്കിയിരിക്കുന്നു. ജനങ്ങളുടെ ജീവിത ദുരിതങ്ങള്‍ മറയ്ക്കുവാനായി സംഘടിതമായ പ്രചാരണ യുദ്ധമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഹിറ്റ്ലറുടെ യുദ്ധപ്രചാരണ തന്ത്രവുമായി ഇതിന് സാമ്യമുണ്ട്.അതിനാല്‍ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് അവരെ കര്‍മ്മോല്‍സുകാരാക്കുക എന്ന ഉത്തരവാദിത്വമാണ് നിര്‍വഹിക്കാനുള്ളത്.അതിന് വേണ്ടിയുള്ള നിരന്തരമായ പരിശ്രമം ആവശ്യമാണ്.ശത്രുവിനോടൊപ്പം എല്ലാ പ്രചാരണ സാമഗ്രികളുമുണ്ട്.അധ്വാനിക്കുന്ന വര്‍ഗ്ഗത്തെ സംബന്ധിച്ചിടത്തോളം അവരുടെ സംഘടിത ശക്തിയാണ് ഇതിനുള്ള മറുമരുന്ന്.
ഖദറിട്ട കാവിയാണ് കോണ്‍ഗ്രസെന്ന് അവരുടെ ചരിത്രമറിയാവുന്ന എല്ലാവര്ക്കും അറിയാം.മുസ്ലിം ന്യുനപക്ഷങ്ങളെയും ദളിതുകളെയും കമ്മ്യുണിസ്റ്റുകാരെയും ആക്രമിച്ച ചരിത്രമാണ് അവരുടേത്.ഇന്ത്യ കണ്ട വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെ പോലും തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കോണ്‍ഗ്രസ്സ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്.ഇപ്പോള്‍ ‘മോഡിപ്പേടിയില്‍’ രാഹുലും കോണ്‍ഗ്രസ്സും നമ്മെ രക്ഷിക്കും എന്ന തെറ്റിദ്ധാരണയില്‍ വീണുപോയ കേരളത്തിലെ വോട്ടര്‍മാര്‍ പൂര്‍ണ്ണമായും നിരാശയിലാണ്.
ഇന്ത്യയില്‍,കേരളത്തില്‍ ഇടതുപക്ഷം കൂടുതല്‍ ശക്തിപ്പെടണം എന്ന ചിന്ത ഒന്നുകൂടി ഉറപ്പിക്കാന്‍ ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്തണം.ഒരു കമ്മ്യുണിസ്റ്റുകാരന് മരണം മുന്നില്‍ വരുന്ന സന്ദര്‍ഭത്തിലും ‘ആര്‍എസ്എസ് തുലയട്ടെ, വര്‍ഗ്ഗീയത തുലയട്ടെ’ എന്നായിരിക്കും ചിന്തിക്കുക.എന്നാല്‍ ഒരു കോണ്ഗ്രസുകാരന് ഐസിയുവില്‍ കിടക്കുന്ന സന്ദര്‍ഭത്തിലും ‘കാല് മാറാന്‍ ചാന്‍സുണ്ടോ, എത്ര കിട്ടും’ എന്നായിരിക്കും ചിന്തിക്കുക.അതാണ് ഗോവയിലേയും കര്‍ണാടകത്തിലെയും കോണ്ഗ്രസ്സുകാര് ബിജെപിയിലേക്ക് കുതിക്കുന്ന ഏറ്റവും ഒടുവിലെ വാര്‍ത്ത നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സാങ്കേതികമായി തോറ്റെങ്കിലും സഖാക്കളേ, നാം ഇപ്പോഴും ജയത്തിന്റെ പാതയിലാണ്.ധനരാജിന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍.സംഘപരിവാര ശക്തികള്‍ക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും.
Discussion about this post