കൊച്ചി: ശബരിമല വിഷയത്തില്‍ വീണ്ടും വീണ്ടും നിലപാട് മാറ്റി ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പിഎസ് ശ്രീധരന്‍പിള്ള. ശബരിമല സ്ത്രീപ്രവേശനവുമായി സംബന്ധിച്ച് തന്ത്രി രാജീവര് തന്നെ വിളിച്ചില്ലെന്ന് പറഞ്ഞ നേതാവ് കോടതിയില്‍ മലക്കം മറിയുകയായിരുന്നു. തന്ത്രി തന്നെ വിളിച്ചിരുന്നുവെന്ന് നേതാവ് തുറന്ന് സമ്മതിച്ചു. കോഴിക്കോട് നടത്തിയ യുവമോര്‍ച്ചയുടെ പരിപാടിയില്‍ ശബരിമലയിലെ കലാപത്തിന് പിന്നില്‍ തങ്ങളാണെന്നും തന്ത്രി തന്നെ വിളിച്ചിരുന്നുവെന്നുമാണ് പിള്ള പറഞ്ഞത്.
എന്നാല്‍ പ്രസംഗം വന്‍ വിവാദത്തിലേയ്ക്കാണ് വഴിവെച്ചത്. ഇതോടെ തന്ത്രി തന്നെ വിളിച്ചില്ലെന്നും ആരാണെന്ന് ഓര്‍മ്മയില്ലെന്നുമാണ് ഇന്നലെ നടത്തിയ പത്രസമ്മേഷനത്തില്‍ നേതാവ് പറഞ്ഞത്. ഇതിനു തൊട്ടുപിന്നാലെയാണ് കോടതിയില്‍ മലക്കം മറിഞ്ഞത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രസംഗത്തിന്റെ സിഡി ഉള്‍പ്പെടെ ഉണ്ടെന്ന് അറിഞ്ഞതോടെയാണ് പിള്ളയുടെ മാറ്റം.
പ്രസംഗം സമാധാന അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള ഇടപെടലാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ശിക്ഷാ നിയമം 505(1)ബി പ്രകാരം കോഴിക്കോട് കസബ പോലീസ് കേസെടുത്തിരുന്നു. ഇതിനെതിരെ തനിക്കെതിരെ ചുമത്തിയ കുറ്റം നിലനില്‍ക്കുന്നതല്ലെന്ന് സമര്‍ത്ഥിക്കാനാണ് അഭിഭാഷകന് കൂടിയായ ശ്രീധരന് പിള്ള ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിക്കൊപ്പം പ്രസംഗത്തിന്റെ കൈയെഴുത്തുപ്രതിയും സിഡിയും ഹാജരാക്കിയത്. ശബരിമല തന്ത്രി കണ്ഠരര് രാജീവര് തന്നെ വിളിച്ചുവെന്നും അദ്ദേഹത്തിന് താന്‍ പിന്തുണ നല്‍കിയതായും പറയുന്ന ഭാഗം അതേപടി ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
സ്ത്രീപ്രവേശന വിഷയത്തില്‍ പതിനായിരക്കണക്കിന് ആളുകളുടെ പിന്തുണയുണ്ടെന്നും തിരുമേനി ഒറ്റക്കല്ലെന്നും താന്‍ തന്ത്രിയോട് പറഞ്ഞതായും ശ്രീധരന് പിള്ള ഹര്‍ജിക്കൊപ്പം നല്കിയ പ്രസംഗത്തിന്റെ കൈയെഴുത്തുപ്രതിയിലും ആവര്‍ത്തിക്കുന്നു. ശ്രീധരന്‍പിള്ളയുടെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
Discussion about this post