കുപ്പി കളയാന്‍ പോകുന്നതിനിടെ ട്രെയിന്‍ വരുന്നതുകണ്ട് ഭയന്ന് ട്രാക്കില്‍ വീണു; യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ്; ഒടുവില്‍ ഒരു പോറല്‍പോലും ഏല്‍ക്കാതെ അഭിലാഷ്

തിരുവനന്തപുരം: റെയില്‍വേ ട്രാക്കിലൂടെ നടന്നുപോകവെ ട്രാക്കില്‍ വീണയാളെ ട്രെയിന്‍ നിര്‍ത്തി രക്ഷപ്പെടുത്തി ലോക്കോ പൈലറ്റ്. വേഗത്തില്‍ വരുന്ന ട്രെയിന്‍ കണ്ടതോടെ ഭയന്ന യുവാവ് ഓടി മാറാന്‍ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ യുവാവ് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയതോടെ യുവാവിന് പുനര്‍ജന്മം. മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷന് സമീപം അഭിലാഷ് ഭവനില്‍ അഭിലാഷിന്റെ ജീവനാണ് ലോക്കോപൈലറ്റിന്റെ ഇടപെടലിനെ തുടര്‍ന്ന് രക്ഷപ്പെട്ടത്. ട്രാക്കിന് സമീപത്താണ് അഭിലാഷിന്റെ വീട്.

എഞ്ചിന്റെ ആദ്യസെറ്റ് ചക്രങ്ങള്‍ യുവാവിന് മുകളിലൂടെ കടന്നുപോയെങ്കിലും പാളത്തിന് നടുക്കായതിനാല്‍ ചക്രങ്ങള്‍ യുവാവിനെ പരിക്കേല്‍പ്പിച്ചില്ല. എന്നാല്‍ എഞ്ചിന്റെ ഭാഗങ്ങള്‍ വസ്ത്രങ്ങളില്‍ കുടുങ്ങാന്‍ തുടങ്ങിയ നിലയിലായിരുന്നു യുവാവ് കിടന്നിരുന്നത്. ട്രെയിനിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പിന്നീട് ഇയാളെ പുറത്തെടുത്തത്.

ജീവന്‍ രക്ഷപ്പെട്ടെങ്കിലും പാളത്തില്‍ അതിക്രമിച്ച് കടന്നതിന് അഭിലാഷിനെതിരെ കേസെടുത്തിട്ടുണ്ട്. ഒഴിഞ്ഞ മദ്യക്കുപ്പി കളയാന്‍ പോയതാണെന്ന് അഭിലാഷ് മൊഴി നല്‍കി. കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെയാണ് പുനലൂര്‍ മധുര പാസഞ്ചറിന് മുന്‍പിലേക്കാണ് ഇയാള്‍ വീണത്. മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം.

Exit mobile version