മൂന്നാര്‍: ഭാഗ്യദേവത കടാക്ഷിച്ചെങ്കിലും അത് അനുഭവിക്കാന്‍ യോഗമില്ലാതെ ആയിരിക്കുകയാണ് മൂന്നാര്‍ ന്യൂകോളനി സ്വദേശിയായ ആര്‍ ഹരികൃഷ്ണന്. സുഹൃത്തുമായി ചേര്‍ന്ന് എടുത്ത ടിക്കറ്റിനാണ് 65 ലക്ഷം രൂപ അടിച്ചത്. എന്നാല്‍ തങ്ങള്‍ എടുത്ത ലോട്ടറിയ്ക്ക് സമ്മാനമടിച്ച വിവരം അറിഞ്ഞ് ടിക്കറ്റുമായി മുങ്ങിയിരിക്കുകയാണ് സുഹൃത്ത്.
ഇതോടെ പോലീസില്‍ പരാതി നല്‍കിരിക്കുകയാണ് ആര്‍ ഹരികൃഷ്ണന്‍. ഡിവൈഎസ്പിക്ക് ആണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്. ഹരികൃഷ്ണനും സുഹൃത്ത് സാബുവും ചേര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കുഞ്ചിത്തണ്ണിയില്‍ നിന്ന് കേരള ലോട്ടറിയുടെ വിന്‍ വിന്‍ ടിക്കറ്റ് വാങ്ങിയത്. ഈ ടിക്കറ്റിനാണ് 65 ലക്ഷം സമ്മാനമടിച്ചത്. ഈ സമയം ടിക്കറ്റ് ഹരികൃഷ്ണന്റെ കൈയിലായിരുന്നു ഉണ്ടായിരുന്നത്. സമ്മാനം ലഭിച്ചതറിഞ്ഞ് പിറ്റേ ദിവസം തന്നെ ഇയാള്‍ സുഹൃത്തിനേയും ബ്ലോക്ക് പഞ്ചായത്ത് അംഗം സി നെല്‍സനെയും കൂട്ടി മൂന്നാര്‍ എസ്ബിഐ ശാഖയില്‍ എത്തി. എന്നാല്‍ ടിക്കറ്റിന് രണ്ട് അവകാശികള്‍ ഉള്ളതിനാല്‍ ഇരുവരുടെയും പേരില്‍ ജോയിന്റ് അക്കൗണ്ട് എടുക്കണമെന്നും അതിനായി പിറ്റേന്ന് വരണമെന്നും ബാങ്ക് അധികൃതര്‍ നിര്‍ദേശിച്ചു.
ബാങ്കില്‍ നിന്ന് മടങ്ങുന്ന വഴി സാബു ടിക്കറ്റ് തന്റെ കൈവശമാക്കിയിരുന്നു. പിറ്റേന്ന് രാവിലെ ബാങ്കില്‍ പോവാനായി സാബുവിനെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്. ഇതേതുടര്‍ന്ന് വീട്ടില്‍ പോയി നോക്കിയപ്പോള്‍ വീട് പൂട്ടി സാബു സ്ഥലം വിട്ടിരുന്നു. മേസ്തിരിപ്പണിക്ക് മൂന്നാറില്‍ എത്തിയ സാബു തനിച്ച് വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഇയാളുടെ സ്വദേശമോ വിലാസമോ ഒന്നും തന്നെ ഹരികൃഷ്ണന് അറിയില്ല. അതേസമയം ഇയാളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്ങനെയെങ്കിലും ഇയാളെ പോലീസ് കണ്ടെത്തുമെന്ന വിശ്വാസത്തിലാണ് ഹരികൃഷ്ണന്.
Discussion about this post