വയനാട്: വയനാട്ടില്‍ ചരക്ക് ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ കാട്ടാന ചരിഞ്ഞു.
മുത്തങ്ങയില്‍ ഇന്ന് വൈകീട്ട് ഉള്‍വനത്തില്‍ വച്ചാണ് ആന ചരിഞ്ഞതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഥലത്ത് ആനക്കൂട്ടമുള്ളതിനാല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല. ലോറിയിടിച്ച സംഭവത്തില്‍ കേസെടുത്ത വനം വകുപ്പ്, ലോറി ഡ്രൈവര്‍ ബാലുശ്ശേരി സ്വദേശി ഷമീജിനെ അറസ്റ്റ് ചെയ്തിരുന്നു.
ചൊവ്വാഴ്ച രാത്രി ദേശീയപാതയില്‍ വച്ച് മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറി ഇടിച്ച് പരിക്കേറ്റ കാട്ടാനയ്ക്ക് വനംവകുപ്പ് ചികിത്സ നല്‍കിയിരുന്നു. ഗുരുതരമായി പരിക്കേറ്റ കാട്ടാന രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്ന് വനംവകുപ്പധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഗുരുതരമായി പരിക്കേറ്റ ആന കാട്ടിലേക്ക് മാറിയപ്പോള്‍ ലോറിയുമായി ഡ്രൈവര്‍ സ്ഥലം വിട്ടു. ഇതിനിടെ നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനാല്‍ ചെക്ക് പോസ്റ്റില്‍ വച്ച് ഉദ്യോഗസ്ഥര്‍ ലോറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പരിക്കേറ്റ ആനയെ കണ്ടെത്തിയത്.
സമീപത്തുണ്ടായിരുന്ന കാട്ടാനകളെ കുങ്കി ആനകളെ ഉപയോഗിച്ച് മാറ്റിയ ശേഷമാണ് പരിക്കേറ്റ ആനയെ ചികിത്സിച്ചത്. ആനയ്ക്ക് തുടര്‍ചികിത്സ ഉറപ്പാക്കാനും അതുവരെ നിരീക്ഷണം തുടരാനും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കെയാണ് ആനയെ ഉള്‍ക്കാട്ടില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
Discussion about this post