തൃശ്ശൂര്‍: മലയാളി വിദ്യാര്‍ഥി ലാത്വിയയില്‍ കാറോടിച്ച് രാജ്യാതിര്‍ത്തി കടന്നു, എട്ടിന്റെ പണി കിട്ടിയത് തൃശൂര്‍ ജോയിന്റ് ആര്‍ടിഒയ്ക്ക്. ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്ഥിയായതൃശൂര് സ്വദേശിയാണ് ഉദ്യോഗസ്ഥര്‍ക്ക് പണി കൊടുത്തത്. അതിര്‍ത്തി കടന്നപ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് കയ്യില്‍ ഇല്ലാത്തതാണു പ്രശ്നമായത്.
സുഹൃത്തുക്കളോടൊപ്പം കാറില്‍ യാത്ര ചെയ്ത വിദ്യാര്‍ഥി വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലാത്വിയ കടന്ന് അടുത്ത രാജ്യമായ ലിത്വേനിയയില്‍ എത്തിയപ്പോഴാണ്
അവിടുത്തെ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വിദ്യാര്‍ഥിയെ ജയിലിലിടുന്നത് ഒഴിവാക്കാന്‍, ജോയിന്റ് ആര്‍ടിഒ രാത്രി ഓഫിസ് തുറന്നു രേഖകള്‍ അയച്ചുകൊടുത്തു.
ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചിട്ടുണ്ടെങ്കിലും കയ്യില്‍ ഇല്ലെന്നു പറഞ്ഞതോടെ ഉദ്യോഗസ്ഥര്‍ വിവരം ഇന്ത്യന്‍ ഹൈക്കമ്മിഷണറെ അറിയിക്കുകയും അവിടെ നിന്ന് മോട്ടര്‍വാഹന വകുപ്പുമായി ബന്ധപ്പെടുകയും ചെയ്തു.
ലൈസന്‍സ് ഉണ്ടെന്നു ബോധ്യപ്പെടുത്തിയില്ലെങ്കില്‍ യുവാവ് 19 ദിവസം വരെ ജയിലില്‍ കിടക്കാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ ജോയിന്റ് ആര്‍ടിഒ ശ്രീപ്രകാശ് രാത്രി ഓഫിസ് തുറന്ന് ലൈസന്‍സിന്റെ വിവരങ്ങള്‍ ഇമെയിലില്‍ അയച്ചുകൊടുത്തു.
മകന് പിടിയിലായെന്ന് അറിഞ്ഞതോടെ ആശങ്കയിലായ വീട്ടുകാര്‍ക്കും രാത്രിതന്നെ ആശ്വാസമായി. പക്ഷേ, രാത്രിയില്‍ ഓഫീസ് തുറന്ന് ശ്രീപ്രകാശ് വിവരങ്ങള്‍ അയച്ചുനല്‍കിയത് അവര്‍ പിറ്റേന്നാണ് അറിഞ്ഞത്.
Discussion about this post