തിരുവനന്തപുരം: സ്വര്‍ണ്ണമെഡലുകള്‍ വാരിക്കൂട്ടി സംസ്ഥാനത്തിന്റെ അഭിമാനമായി മാറിയ അതുല്യ ഇന്ന് മരണത്തോട് മല്ലടിയ്ക്കുകയാണ്. ശ്വാസകോശം ചുരുങ്ങി പോകുന്ന അസുഖമാണ് കൗമാര കായികതാരമായ അതുല്യയെ ബാധിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലാണ് അതുല്യ ഇപ്പോഴുള്ളത്. തലച്ചോറില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് അതുല്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ അവിടെ നിന്നും പോരാടി അവള്‍ ട്രാക്കില്‍ തിരിച്ചെത്തി. പക്ഷേ അസുഖങ്ങള്‍ അവളെ വിടാതെ പിന്തുടരുകയായിരുന്നു. ശ്വാസം മുട്ടലായിരുന്നു ആരംഭം. കൂടുതലായതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ശ്വാസകോശം ചുരുങ്ങുന്ന അസുഖമാണെന്ന് കണ്ടെത്തി. ഇപ്പോള്‍ അതുല്യയുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് വെയ്ക്കുവാന്‍ താങ്ങായി എത്തിയിരിക്കുകയാണ് മന്ത്രി ഇപി ജയരാജന്‍. അതുല്യയുടെ ചികിത്സയ്ക്ക് വേണ്ടി അടിയന്തിര സഹായമായി കായികവികസനനിധിയില്‍ നിന്ന് 3 ലക്ഷം രൂപ അനുവദിച്ചു.
തിരുവനന്തപുരത്തെ കിംസ് ആശുപത്രിയുമായി ബന്ധപ്പെട്ട് തുടര്‍ചികിത്സയും ഉറപ്പ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വന്ന വാര്‍ത്തയിലൂടെയാണ് അതുല്യയുടെ നില പുറംലോകം അറിഞ്ഞത്. ഉടന്‍ തന്നെ മന്ത്രി ഇപി ജയരാജന്‍ ഇടപെട്ട് സഹായം ഉറപ്പ് നല്‍കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അതുല്യയ്ക്ക് വേണ്ടി പ്രഖ്യാപിച്ച സഹായം പങ്കുവെച്ചത്. അതുല്യ ജീവിതത്തിലേയ്ക്ക് തിരികെ വരണമെങ്കില്‍ ഏകദേശം 25 ലക്ഷം രൂപയെങ്കിലും ചിലവ് വരും.
ഇപ്പോള്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അതുല്യയുടെ കുടുംബത്തിന് വലിയ ആശ്വാസമാവുകയാണ്. കായിക രംഗത്ത് മാത്രമല്ല, പഠന രംഗത്തും മിടു മിടുക്കിയാണ് അതുല്യ. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കഴിഞ്ഞ സംസ്ഥാന മീറ്റിലെ സ്വര്‍ണമെഡല്‍ ജേതാവും ദേശീയ മീറ്റിലെ വെള്ളി മെഡല്‍ ജേതാവുമാണ്. അതുല്യ പൂര്‍ണ്ണ ആരോഗ്യവതിയായി തിരികെ വരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ശ്വാസകോശം ചുരുങ്ങുന്ന അസുഖം ബാധിച്ച കൗമാര കായികതാരം അതുല്യയ്ക്ക് അടിയന്തിരസഹായമായി കായികവികസനനിധിയില്‍ നിന്ന് 3 ലക്ഷം രൂപ അനുവദിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയുമായി ബന്ധപ്പെട്ട് തുടര്‍ചികിത്സയും ഉറപ്പുവരുത്തി. പത്രവാര്‍ത്തയെ തുടര്‍ന്നാണ് അതുല്യയുടെ ദയനീയാവസ്ഥ അറിഞ്ഞത്. തലച്ചോറില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് അതുല്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയെ തുടര്‍ന്ന് ട്രാക്കില്‍ തിരിച്ചെത്തിയ താരത്തെ വീണ്ടും അസുഖം ബാധിക്കുകയായിരുന്നു. ചെലവേറിയ ശസ്ത്രക്രിയ ആവശ്യമാണ്. ജി വി രാജ സ്പോര്‍ട്സ് സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിനിയായിരുന്നു. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കഴിഞ്ഞ സംസ്ഥാന മീറ്റിലെ സ്വര്‍ണമെഡല്‍ ജേതാവും ദേശീയ മീറ്റിലെ വെള്ളി മെഡല്‍ ജേതാവുമാണ്. മൈതാനത്തിലേതുപോലെ പഠനത്തിലും മികവ് കാട്ടുന്ന താരമാണ് അതുല്യ.
Discussion about this post