ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്കെതിരെ പ്രതിഷേധിച്ച് സുപ്രീം കോടതിക്ക് മുന്‍പിലും ഫ്ളക്സ് ബോര്‍ഡുകള്‍. ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന സേവ് ശബരിമല എന്നെഴുതിയ ഫ്ളക്സാണ് സുപ്രീം കോടതിക്ക് മുന്നില്‍ സ്ഥാപിച്ചിട്ടുള്ളത്.
കേരളത്തിലെ ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട സമരത്തിന് നൂറ് കോടിയോളം ഹിന്ദുക്കളുടെയും സിഖുകളുടെയും പിന്തുണയുണ്ടെന്ന് ഫ്ളക്സ് ബോര്‍ഡില്‍ അവകാശപ്പെടുന്നുണ്ട്. പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തുമെന്നും ഫ്ളക്സില്‍ പറയുന്നു.
ഇതിനുപുറമെ ബിജെപി ഡല്‍ഹി ഘടകം വക്താവ് തേജിന്ദര്‍ പാല് സിങ് ബഗ്ഗയുടെ പേരും നമ്പറും ഫ്ളക്സ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ബിജെപിയുടെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.
ഇതാണോ പോസ്റ്റര്‍ പതിക്കേണ്ട യഥാര്‍ഥ സ്ഥലം എന്ന ചോദ്യവുമായാണ് തേജിന്ദര്‍ ഫ്ളക്സ് ബോര്‍ഡിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. സുപ്രീംകോടതിയിലേക്ക് വഴികാണിക്കുന്ന ബോര്‍ഡിന് സമീപം തന്നെയാണ് പ്രതിഷേധ സൂചകമായി ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. കേരളാ ഹൗസിന് മുന്നിലും സമാനമായി ഫ്ളക്സ് സ്ഥാപിച്ചിട്ടുണ്ട്.
അതീവ സുരക്ഷാ മേഖലയായ സുപ്രീംകോടതി മന്ദിരമടക്കമുള്ള ഇടങ്ങളില്‍ ഇത്തരം ഫ്ളക്സ് ബോര്‍ഡുകളോ മറ്റ് പരസ്യ ബോര്‍ഡുകളോ സ്ഥാപിക്കാന്‍ അനുമതി ലഭിക്കാറില്ല.
Discussion about this post