തിരുവനന്തപുരം: മണ്‍വിള ഫാമിലി പ്ലാസ്റ്റിക് ഫാക്ടറി കത്തിച്ചതിനു പിന്നില്‍ തങ്ങളാണെന്ന് സമ്മതിച്ച് അറസ്റ്റിലായ തൊഴിലാളികള്‍. ശമ്പളം വെട്ടികുറച്ചതിന്റെ പ്രതികാരമാണ് ഫാക്ടറിയ്ക്ക് തീയിട്ടതെന്ന് തൊഴിലാളികള്‍ പറയുന്നു. ചിറയിന്‍കീഴ് പെരുങ്ങുഴി മുട്ടപ്പലം ചിലക്കൂര്‍ വീട്ടില്‍ വിമല്‍ എം.നായര്‍ (19), കഴക്കൂട്ടം കാര്യവട്ടം വിയാറ്റ് ദേവി ക്ഷേത്രത്തിന് സമീപം സരസ്വതി ഭവനില്‍ ബിനു (39) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. വിമലാണ് ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തിയത്.
ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച ഇവരെ ഇന്നലെ കമ്പനിയിലെത്തിച്ച് പോലീസ് തെളിവെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും. തീവയ്പിനു ശേഷം മാനസിക അസ്വാസ്ഥ്യമുണ്ടായ ഇവരിലൊരാള്‍ സുഹൃത്തിനോട് സംഭവം വെളിപ്പെടുത്തിയതാണ് ഇവരെ കുടുക്കിയതെന്ന് പോലീസ് പറഞ്ഞു. വിമല്‍ ഒരു വര്‍ഷമായും ബിനു ആറ് മാസമായും സ്റ്റോറില്‍ ജീവനക്കാരാണ്. വിമല്‍ അടക്കമുള്ള ഏഴു ജീവനക്കാരുടെ ശമ്പളം വെട്ടി കുറച്ചിരുന്നു. അതിന്റെ പ്രതികാരമായിട്ടാണ് ബിനുവിനെയും കൂട്ടി താന്‍ തീ കൊളുത്തിയതെന്ന് വിമല്‍ വെളിപ്പെടുത്തിയതായി കഴക്കൂട്ടം അസി. പോലീസ് കമ്മിഷണര്‍ അനില്‍ കുമാര്‍ പറഞ്ഞു. മണ്‍വിളയിലെ ഒരു കടയില്‍ നിന്നാണ് ലൈറ്റര്‍ വാങ്ങിയത്. മറ്റാര്‍ക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഹാജര്‍ കുറവായതിനാലും ജോലിക്ക് സ്ഥിരമായി വൈകി എത്തുന്നതിനാലും മുന്‍ മാസങ്ങളില്‍ ഇവരുടെ ശമ്പളം കുറച്ചിരുന്നത്. ഇതാണ് കമ്പനിക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. സംഭവദിവസം പുലര്‍ച്ചെ ഏഴ് മുതല്‍ വൈകിട്ട് വരെ പ്രതികള്‍ ജോലിയിലുണ്ടായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് ഇരുവരും അടുത്ത ഡ്യൂട്ടിക്കുള്ള ജീവനക്കാര്‍ എത്തുന്നതിനു മുമ്പ് മൂന്നുനില കെട്ടിടത്തിലെ സ്റ്റോര്‍ റൂമിന് സമീപം പാക്കിംഗിന് ഉപയോഗിക്കുന്ന പ്‌ളാസ്റ്റിക് കൂട്ടിയിട്ട് തീകൊളുത്തുകയായിരുന്നു. ഏകദേശം 50 കോടിയുടെ നഷ്ടമാണ് ഫാക്ടറിയ്ക്ക് ഉണ്ടായത്.
Discussion about this post