ഇരിട്ടി: കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തില്‍ ദുരിതബാധിതരെ സഹായിക്കാന്‍ കബളിപ്പുതപ്പുമായി എത്തിയ മധ്യപ്രദേശുകാരന്‍ വിഷ്ണു ഇക്കുറിയും എത്തി. നല്ല കമ്പിളിപുതപ്പ് വേണോയെന്നു ചോദിച്ച് എത്തിയ മറുനാടന്‍ സ്വദേശിക്ക് നല്ല വരവേല്‍പ്പാണ് നല്‍കിയത്.
സംസ്ഥാനം പ്രളയ ഭീതിയില്‍ വിറങ്ങലടിച്ച് നില്‍ക്കുന്ന സമയം. അന്ന് ഇരിട്ടി താലൂക്ക് ഓഫിസില്‍ മുന്‍വര്‍ഷങ്ങളിലെത്തിയതിന്റെ പരിചയവുമായി വിഷ്ണു കബളിപ്പുതപ്പുമായി എത്തി. എന്നാല്‍ സാധാരണ കാഴ്ചയല്ല വിഷ്ണു അവിടെ കണ്ടത്. പ്രളയാനന്തര പ്രവര്‍ത്തനങ്ങളുടെ അവലോകനവും പതിവിലും കുറഞ്ഞ നിശബ്ദതയും മൂകതയും നിറഞ്ഞ അന്തരീക്ഷമായിരുന്നു.
തുടര്‍ന്ന് ഉദ്യോഗസ്ഥരോട് വിഷ്ണു എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. പ്രളയത്തെക്കുറിച്ചറിഞ്ഞ വിഷ്ണു തന്റെ കൈവശം ഉണ്ടായിരുന്ന 50 കമ്പിളിപുതപ്പ് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്കായി തഹസില്‍ദാര്‍ കെകെ ദിവാകരനു കൈമാറി, സംഭവം വാര്‍ത്തയായതോടെ, വിഷ്ണുവിനെ മാതൃകയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അഭ്യര്‍ഥിക്കുകയുണ്ടായി.
അതേസമയം രണ്ടാം ഘട്ടത്തില്‍ ആറളം ഫാമിലും വയനാട്ടിലുമായി ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് 450 പുതപ്പ് നല്‍കി. ഇക്കുറി താന്‍ പാനിപ്പത്തിലെ കമ്പനിയില്‍ നിന്നു നേരിട്ടു വാങ്ങിയതിനാല്‍ മൊത്തക്കച്ചവട വിലയ്ക്കാണു പുതപ്പു വില്‍ക്കുന്നതെന്നു വിഷ്ണു പറഞ്ഞു. പുതപ്പ് വില്‍ക്കാന്‍ എത്തിയ വിഷ്ണുവിനെ പേര് ചെല്ലി വിളിച്ചാണ് ഇരിട്ടിയിലെ ജനങ്ങള്‍ പുതപ്പ് വാങ്ങിയത്.