കൊച്ചി: കേരളത്തില്‍ ജനിച്ചാലും ഇംഗ്ലീഷ് കൈവശപ്പെടുത്തി വിദേശത്ത് തങ്ങുവാനാണ് മലയാളികളില്‍ ഏറെ പേര്‍ക്ക് പ്രിയം. എന്നാല്‍ വിദേശികള്ക്കാകട്ടെ കേരളത്തെയും കേരള സംസ്കാരത്തെയും പഠിക്കാനും താത്പര്യം. ഇപ്പോള്‍ അതുപോലെ കേരളത്തെയും മലയാള ഭാഷയെയും ഇഷ്ടപ്പെട്ട് എത്തിയിരിക്കുകയാണ് ഓസ്ട്രേലിയക്കാരിയായ കാതറിന്. നമ്മുടെ സംസ്കാരത്തെയും ഭാഷയെയും പഠിക്കാന്‍ മാത്രമാണ് കാതറിന് ഇവിടെ തങ്ങുന്നത്. കഴിഞ്ഞ ജനുവരി മുതല്‍ മൂന്നു മാസം അവര്‍ കേരളത്തിലുണ്ടായിരുന്നു.
വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ പിന്നെ സിങ്കപ്പൂരില്‍ മകന്റെയടുത്തേക്കു പോയി. വൈകാതെ വിസ പുതുക്കി മടങ്ങിയെത്തുകയും ചെയ്തു. മലയാളം പഠിച്ചെടുക്കാന്‍ വേണ്ടി മാത്രം. ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയതാണവര്. ചികിത്സ കഴിഞ്ഞ് ചെറായി ബീച്ച് കാണാന്‍ വന്നു. അതിനകം ആയുര്‍വേദവും കേരളത്തിന്റെ കലയും സംസ്കാരവും കേരളത്തിലെ കുടുംബ ജീവിതവുമൊക്കെ അവരെ ആകര്‍ഷിച്ചിരുന്നു.
20 വര്‍ഷമായി സാക്ഷരതാ മിഷന്റെ പ്രേരക് ആയി പ്രവര്‍ത്തിക്കുന്ന ചെറായി കണ്ണാത്തിശ്ശേരി കെബി രാജീവിന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പമായിരുന്നു താമസം. മലയാളം പഠിച്ചാല്‍ മാത്രമെ സംസ്കാരത്തെ പൂര്‍ണ്ണമായും മനസ്സിലാക്കാനാവൂ എന്ന ചിന്താഗതി കൂടി കാതറിനുണ്ട്. രാജീവ് ഭാഷ പഠിപ്പിക്കുന്നയാളാണെന്നു മനസ്സിലായതോടെ അദ്ദേഹത്തിന്റെ സഹായം തേടുകയായിരുന്നു. അങ്ങനെ കാതറിന് സാക്ഷരതാ മിഷനില്‍ പേര് രജിസ്റ്റര്‍ ചെയ്തു. മലയാളം പഠിക്കാനും തുടങ്ങി.
ഇപ്പോള്‍ അക്ഷരങ്ങള്‍ വായിക്കാനും എഴുതാനും പഠിച്ചു. ഇനി വാക്കുകളും അതിന്റെ അര്‍ഥങ്ങളും കൂടി പഠിച്ചാല്‍ ഏകദേശം പൂര്‍ത്തിയായി. രാവിലെയും വൈകുന്നേരവും എഴുതിയും വായിച്ചും പഠിക്കും. അങ്ങനെ മലയാളം പഠിക്കാനുള്ള പരിശീലനം തകൃതിയായി മുന്പോട്ട് പോവുന്നുണ്ട്. ഇതിനിടെ വീട്ടില്‍ നിത്യം ഉപയോഗിക്കുന്ന മലയാള പദങ്ങള്‍, അര്‍ഥം ചോദിച്ചു മനസ്സിലാക്കി പ്രയോഗിക്കുന്നുമുണ്ട്.
യാത്രകള്‍ക്കിടയില്‍ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമകള്‍ കണ്ട് അന്വേഷിച്ച കാതറിന് പിന്നെ ഇന്റര്‍നെറ്റ് പരതി ഗുരുദേവന്റ ജീവിതത്തെയും ആശയത്തെയും കുറിച്ച് പഠിച്ചു. ശിവഗിരിയില്‍ പോകണമെന്ന ആഗ്രഹമാണ് ഇപ്പോള്‍ കാതറിനുള്ളത്. കേരളീയ വസ്ത്രങ്ങളോടും ഭക്ഷണത്തോടും പ്രിയം ഏറെയാണ്.
Discussion about this post