തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ ഇരുചക്രവാഹനത്തില്‍ പിന്നിലിരിക്കുന്നവരും നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്ന് ഗതാഗത വകുപ്പിന്റെ ഉത്തരവ്. ഇതിന് പുറമെ കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും പുതിയ ഉത്തരവിലുണ്ട്. ഗതാഗത സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
യാത്രികര്‍ ഈ ഉത്തരവ് പാലിക്കുന്നത് സംബന്ധിച്ച് പരിശോധന കര്‍ശനമാക്കാന്‍ ഡിജിപിക്കും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂലായ് ആറിന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് അയച്ച കത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീം കോടതി വിധിയെ പരാമര്‍ശിച്ചുകൊണ്ടാണ് വകുപ്പ് സെക്രട്ടറിയുടെ കത്ത്.
സുപ്രീം കോടതി നേരത്തേ തന്നെ ഇരുചക്ര വാഹനത്തിലെ രണ്ടു പേരും ഹെല്‍മറ്റ് ധരിക്കണമെന്നും കാറിലെ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും ഉത്തരവിറക്കിയിരുന്നു. കേരളം ഒഴികെയുള്ള മറ്റ് എല്ലാ സംസ്ഥാനങ്ങളിലും ഈ വിധി ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും ഇത് നടപ്പിലാക്കുന്നില്ലെന്നാണ് മനസിലാകുന്നതെന്നും മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ ഹെല്‍മറ്റ് ധരിക്കാതെയും, സീറ്റ് ബെല്‍റ്റ് ധരിക്കാതെയുമുള്ള യാത്രകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Discussion about this post