പുത്തൂര്‍: ചോയ്‌സ് ഗ്രൂപ്പ് പുത്തൂരില്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമകളായ ഷെമീറിന്റെയും സുധീറിന്റെയും നന്മയില്‍ നിര്‍ധന തൊഴിലാളിയായ സൂര്യയ്ക്ക് കിട്ടിയത് പുതു ജീവിതം. 10 പവന്‍ സ്വര്‍ണ്ണവും രണ്ട് ലക്ഷം രൂപയും നല്‍കി വിവാഹ ചടങ്ങുകള്‍ മുഴുവനും വഹിച്ച ഇവരാണ് ഇന്ന് നന്മയുടെ പ്രതീകമായി നാട്ടുകാരും വീട്ടുകാരും കാണുന്നത്. പുത്തൂര്‍ ചോയ്‌സ് സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരി ചുങ്കത്തറ പുളിന്തുണ്ടില്‍ വീട്ടില്‍ സൂര്യയാണ് (20) സ്ഥാപന ഉടമകളുടെ കാരുണ്യത്തില്‍ സുമംഗലിയാകുന്നത്. ശാസ്താംകോട്ട മനക്കര അനീഷ്ഭവനില്‍ ശിവന്‍അംബിക ദമ്പതികളുടെ മകന്‍ എസ് അനീഷ് (26) ആണു വരന്‍.
സൂര്യയുടെ കുട്ടിക്കാലത്ത് അച്ഛന്‍ ഉപേക്ഷിച്ച് പോയതാണ്. അമ്മ സതിക്ക് ആണെങ്കില്‍ നടക്കാന്‍ സാധിക്കില്ല, യാതൊരു ജോലിയും എടുക്കാനാകില്ല. മുന്‍പ് നടന്ന അപകടത്തില്‍ അവശതയിലായ മാതൃസഹോദരനും മുത്തച്ഛനുമാണ് സൂര്യയ്ക്ക് ഉള്ളത്. ഇവരുടെ എല്ലാം ഏക ആശ്വാസം കൂടിയായിരുന്നു സൂര്യ. പഞ്ചായത്തില്‍ നിന്ന് അനുവദിച്ചു കിട്ടിയ വീട് സുമനസ്സുകളുടെ സഹായത്തോടെ വാസ യോഗ്യമാക്കി. എന്നാല്‍ വായ്പ എടുത്ത വകയില്‍ വീടും വസ്തുവും ഇപ്പോല്‍ ജപ്തി ഭീഷണിയിലുമാണ്.
ഒരിക്കല്‍ പുത്തൂരില്‍ എത്തിയപ്പോഴാണ് സൂര്യ അനീഷിനെ കാണുന്നത്. തുടര്‍ന്ന് സ്‌നേഹത്തിലുമായി. എന്നാല്‍ വിവാഹം നടത്തികൊടുക്കാനുള്ള സാമ്പത്തിക ഭദ്രതയിലായിരുന്നില്ല കുടുംബം. പക്ഷേ കാര്യം അറിഞ്ഞ ഉടമകള്‍ സൂര്യയുടെ കാരണവന്മാരായി. ഷെമീറും സുധീറും അനീഷിന്റെ വീട്ടിലെത്തി കല്യാണക്കാര്യം സംസാരിച്ച് ഉറപ്പിക്കുകയും ചെയ്തു. വിവാഹം നടത്തി തന്നാല്‍ മാത്രം മതിയെന്നായിരുന്നു വീട്ടുകാരുടെ പക്ഷം. പക്ഷേ 10 പവന്‍ സ്വര്‍ണ്ണവും 2 ലക്ഷം രൂപയും നല്‍കിയാണ് ഉടമകള്‍ സൂര്യയുടെ വിവാഹം നടത്തുന്നത്. കല്യാണപ്പുടവ ഉള്‍പ്പെടെ സകലമാന ചെലവും സ്ഥാപന ഉടമകള്‍ തന്നെയാണ് വഹിക്കുന്നത്. ആയിരത്തിലധികം ആളുകള്‍ക്ക് സദ്യയും ഒരുക്കിയിട്ടുണ്ട്.
Discussion about this post