ആന്തൂര്‍: ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭ ഉപാധികളോടെ അനുമതി. സാജന്റെ കുടുംബം നല്‍കിയ പുതിയ അപേക്ഷ അനുസരിച്ച് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് തീരുമാനം ഉണ്ടായത്.
ആറ് മാസത്തിനകം വാട്ടര്‍ ടാങ്ക് മാറ്റി സ്ഥാപിക്കണമെന്ന ഉപാധിയോടെയാണ് കണ്‍വെന്‍ഷന്‍ സെന്ററിന്് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. കണ്‍വെന്‍ഷന്‍ സെന്ററിന്റെ രൂപരേഖ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. അതിനു ശേഷമാണ് അനുമതി നല്‍കിയിരിക്കുന്നത്. നിര്‍മാണം നടക്കാന്‍ പാടില്ലാത്ത സ്ഥലത്താണ് വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്.
നഗരസഭ ചൂണ്ടിക്കാണിച്ച അപാകതകള്‍ പരിഹരിച്ച ശേഷമുള്ള പുതിയ പ്ലാന്‍ ആണ് സാജന്റെ കുടുംബം ഇന്ന് അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചത്. തുറസ്സായ സ്ഥലത്ത് നിര്‍മ്മിച്ച വാട്ടര്‍ ടാങ്ക് പൊളിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് വാട്ടര്‍ ടാങ്ക് മാറ്റിസ്ഥാപിക്കാന്‍ ആറ് മാസത്തെ കാലതാമസവും നഗരസഭ അനുവദിച്ചിട്ടുണ്ട്.
ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്ന് ഉറപ്പാക്കിയ ശേഷം പ്രവര്‍ത്തനാനുമതി നല്‍കാനായിരുന്നു നഗരസഭയോട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്.