തിരുവനന്തപുരം: വളര്‍ത്തുനായകളെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളയുന്നവര്ക്ക് ഇനി പിടി വീഴും. കര്‍ശന നടപടിയുമായി സര്‍ക്കാര്‍ രംഗത്ത്. വളര്‍ത്തുനായകള്‍ക്ക് പ്രായമാകുന്നതോടെ അവയെ റോഡിലും മറ്റും ഉപേക്ഷിച്ച് കടന്നുകളയുന്ന പ്രവണത വര്‍ധിച്ചു വരുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് കര്‍ശന നടപടിയുമായി സര്‍ക്കാര്‍ രംഗത്ത് എത്തുന്നത്. വന്‍ വിപണിയുള്ള നായകളെ വാങ്ങി അവയ്ക്ക് പ്രായമാകുമ്പോള്‍ ഉപേക്ഷിക്കുന്ന രീതി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. ഇത്തരം പ്രവണതകള്‍ തടയാനാണ് സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങുന്നത്.
വളര്‍ത്തുനായ്ക്കള്‍ക്ക് ചിപ് ഘടിപ്പിക്കുന്ന സംവിധാനം സംസ്ഥാനത്ത് പ്രാവര്‍ത്തികമാകുന്നു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന് രൂപകല്പന ചെയ്യുന്ന സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക. സോഫ്റ്റ്വെയറിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം കോര്‍പറേഷനുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക.
നായ്ക്കളുടെ കഴുത്തിന്റെ പിന്‍ഭാഗത്ത് ഘടിപ്പിക്കുന്ന ചിപ്പിലെ ബാര്‍കോഡ് സ്കാന്‍ ചെയ്താല്‍ ഉടമസ്ഥന്റെ മുഴുവന്‍ വിവരങ്ങളും അറിയാന്‍ സാധിക്കുന്ന രീതിയിലാണ് സംവിധാനം നടപ്പിലാക്കുക. വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും ചിപ് ഘടിപ്പിക്കുക.
കോഴിക്കോട് കോര്പറേഷന് പരിധിയില്‍ വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് 500 രൂപയും വില്പന നടത്തുന്ന ബ്രീഡര്‍ നായ്ക്കള്‍ക്ക് 1000 രൂപയുമാണ് ഇതിനായി ഫീസ് ഈടാക്കുക.
Discussion about this post