കൊച്ചി: പെട്രോള്‍ പമ്പില്‍ അളവില്‍ കൃത്രിമം കാണിക്കുന്ന തന്ത്രം വിശദീകരിച്ച് പമ്പ് ജീവനക്കാരന്‍. ഉപഭോക്താവ് ആവശ്യപ്പെടുന്ന അളവിലും കുറച്ച് ഇന്ധനം മാത്രം നല്‍കി കൂടുതല്‍ പണം തട്ടുന്ന രീതി പമ്പ് ജീവനക്കാരന്‍ വിശദീകരിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍. കോതമംഗലത്തെ ഒരു പെട്രോള്‍ പമ്പില്‍ നിന്ന് രണ്ട് യുവാക്കള്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പറഞ്ഞ അളവിലും കുറച്ച് പെട്രോള്‍ മാത്രം ലഭിച്ചതോടെ രോഷം പൂണ്ട ഉപഭോക്താക്കളോട് ജീവനക്കാരന്‍ കുറ്റസമ്മതം നടത്തുന്നതാണ് വീഡിയോയിലുള്ളത്.
4.660 ലിറ്റര്‍ പെട്രോള്‍ വാങ്ങിയതില്‍ 50 രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ജീവനക്കാരന്‍ സമ്മതിക്കുന്നത്. 350 രൂപയുടെ പെട്രോള്‍ വാങ്ങിയപ്പോള്‍ 50 രൂപയുടെ തട്ടിപ്പ് നടത്തിയതില്‍ ജീവനക്കാരന്‍ പല തവണ മാപ്പ് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ഒറ്റ ഞെക്ക് ഞെക്കി, പെട്ടെന്ന് നമ്പര്‍ കറങ്ങി. പക്ഷെ പെട്രോള്‍ ചാടിയില്ല. ജീവനക്കാരന്‍ പറഞ്ഞു. താന്‍ ഇതു അറിഞ്ഞു കൊണ്ടാണ് ചെയ്തതെന്നും താന്‍ മാപ്പ് പറയാമെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ജീവനക്കാരന്‍ പല തവണ യുവാക്കളോട് പറയുന്നുണ്ട്.
വാങ്ങിയ 4.660 ലിറ്റര്‍ അളന്നു കാണിച്ചാല്‍ തനിക്ക് പരാതിയില്ലെന്നായിരുന്നു യുവാവിന്റെ പ്രതികരണം. എന്തു വേണമെങ്കിലും ചെയ്യാമെന്നും പോലീസ് സ്റ്റേഷന്‍ കയറാന്‍ വയ്യെന്നുമാണ് ജീവനക്കാരന്റെ പ്രതികരണം. മാനേജറോട് പറഞ്ഞാല്‍ ശിക്ഷ കിട്ടുമെന്നും ജീവനക്കാരന്‍ പറയുന്നു.
കോതമംഗലത്തെ ‘സ്വാമിയുടെ പെട്രോള്‍ പമ്പ്’ എന്നറിയപ്പെടുന്ന ഭാരത് പെട്രോളിയം പമ്പില്‍ നിന്നുള്ള വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത് എന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. പമ്പിലെ മറ്റു ജീവനക്കാരും ഇതേ മാതൃകയാണോ പിന്തുടരുന്നതെന്ന് ചോദിക്കുമ്പോള്‍ ജീവനക്കാരന്‍ മറുപടി നല്‍കുന്നില്ല.
അതേസമയം, സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും കോതമംഗലം പോലീസ് പ്രതികരിച്ചു.
Discussion about this post