തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഡിവൈഎസ്പി ബി ഹരികുമാറിനെ സേനയില്‍ നിന്ന് പിരിച്ചു വിടുമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. വകുപ്പുതല അന്വേഷണത്തിനു ശേഷം ഡിവൈഎസ്പിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. സനലിന്റെ ഭാര്യ വിജിക്ക് ജോലി നല്കാന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും ബെഹ്റ പറഞ്ഞു.
ഗുരുതരമായ സ്വഭാവദൂഷ്യം കാട്ടുന്ന പോലീസുകാരെ സേനയില്‍ വച്ചുപൊറുപ്പിക്കില്ലെന്നാണ് സര്‍ക്കാര്‍ നയം. കോടതി വെറുതേ വിട്ടാലും തെറ്റുചെയ്തതായി വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ നടപടിയെടുക്കും. പോലീസ് ആക്ടിലെ 86(2) ചട്ടപ്രകാരം അക്രമം, ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടാല്‍ സേനയില്‍ നിന്ന് പുറത്താക്കാം. എന്നാല്‍ 86(സി) ചട്ടപ്രകാരം, ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും ശാരീരികവും മാനസികവുമായി ജോലിക്ക് അണ്‍ഫിറ്റാണെങ്കില്‍ പുറത്താക്കാം.
പോലീസ് ആക്ടില്‍ 2012ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഡ്യൂട്ടിയില്‍ ഗുരുതരമായ വീഴ്ചവരുത്തിയാല്‍ പിരിച്ചുവിടാനാവും. കെവിന് വധക്കേസില്‍ ക്വട്ടേഷന്‍ സംഘത്തില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയ എഎസ്ഐയെ കഴിഞ്ഞദിവസം പിരിച്ചുവിട്ടിരുന്നു.
ക്രിമിനല്‍ കേസില്‍ ഒരാഴ്ചയെങ്കിലും ശിക്ഷിക്കപ്പെട്ടാല്‍ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നാണ് സര്‍വീസ് റൂളിലുള്ളത്. റിമാന്‍ഡ് ചെയ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം സസ്പെന്‍ഡ് ചെയ്യണം. പോലീസിലെ നിയമം ഇതിലും കടുത്തതാണ്. ശിക്ഷ എത്രയായാലും ക്രിമിനലുകളെ ഉടനടി പുറത്താക്കണം.
ഡിവൈഎസ്പി ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. സസ്പെന്ഷന് ശിക്ഷയായി സര്‍വീസ് ചട്ടത്തില്‍ കണക്കാക്കിയിട്ടില്ല. അന്വേഷണ വിധേയമായി സസ്പെന്‍ഷനിലായാല്‍ കുറ്റക്കാരനാണെങ്കില്‍ ഉപജീവന ബത്ത ലഭിക്കും, കുറ്റക്കാരനല്ലെങ്കില്‍ സസ്പെന്ഷന് കാലം ഡ്യൂട്ടിയായി കണക്കാക്കി തിരിച്ചെടുക്കും. റിസ്ക്, സ്മാര്‍ട്ട്, സ്പെഷ്യല്‍ പേ എന്നിവ ഒഴിച്ചുള്ള ശമ്പളവും കിട്ടും.
Discussion about this post