ആളൂര്‍: ഇരിങ്ങാലക്കുട റെയില്‍വേസ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിന്റെ ഉയരം കൂട്ടാന്‍ തീരുമാനം. യാത്രക്കാരുടെ നിത്യേനയുള്ള പരാതിയെത്തുടര്‍ന്നാണ് തീരുമാനം. ഇതോടെ വര്‍ഷങ്ങളായി സ്ത്രീകളും വയോധികരും വിദ്യാര്‍ത്ഥികളുമടങ്ങിയ യാത്രക്കാരുടെ ദുരിതത്തിനു പരിഹാരമാകും.
ഇരിങ്ങാലക്കുട റെയില്‍വേസ്റ്റേഷന്റെ പോരായ്മകളില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ഒന്നായിരുന്നു രണ്ടാം പ്ലാറ്റ് ഫോമിന്റെ ഉയരകുറവ്. ഇത് ട്രെയ്‌നില്‍ കയറാനും ഇറങ്ങാനും യാത്രക്കാരില്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. മാത്രമല്ല അപകട ഭീഷണിയും ഉയര്‍ത്തിയിരുന്നു. പ്ലാറ്റ് ഫോമിന്റെ ഉയരം കൂട്ടാനുള്ള തീരുമാനം യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായി.
നിര്‍മ്മാണം തുടരുന്നതിന്റെ മുന്നോടിയായി ഇന്‍സ്‌പെക്ടര്‍ ഓഫ് വര്‍ക്‌സ് ഉള്‍പ്പെടെയുള്ള റെയില്‍വേ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം സ്റ്റേഷനിലെത്തിയിരുന്നു. ഇരിങ്ങാലക്കുട ഓവര്‍ബ്രിഡ്ജ് പരിസരംമുതല്‍ ഉയരം കൂട്ടും. നിര്‍മ്മാണപ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു.
റെയില്‍പ്പാളത്തില്‍നിന്ന് 84 സെന്റീമീറ്റര്‍ ഉയരത്തിലാണ് പ്ലാറ്റ്‌ഫോം വേണ്ടത്.
ഓവര്‍ബ്രിഡ്ജുമുതല്‍ തെക്കേയറ്റംവരെയുള്ള ഭാഗത്ത് 60 സെന്റീമീറ്ററില്‍ കുറവേ ഉയരമുള്ളൂ. ഈ ഭാഗത്താണ് പ്ലാറ്റ്‌ഫോം ഉയരംകൂട്ടാന്‍ തീരുമാനമായത്. നിര്‍മ്മാണം അടുത്ത മാസം തന്നെ ആരംഭിക്കാനാണ് തീരുമാനം.