പാലക്കാട്: ഒരു ഓട്ടോറിക്ഷയ്ക്ക് ഇത്രയൊക്കെ അഹങ്കാരമാകാമോ? മണിക്കൂറില്‍ 109 കിലോമീറ്റര്‍ വേഗത്തില്‍ കേരളത്തിലെ ഒരു ശരാശരി നിരത്തിലൂടെ ചീറി പായാന്‍? ചോദിക്കുന്നത് മോട്ടോര്‍ വാഹന വകുപ്പാണ് പാലക്കാട്ടെ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സലാമിനോട്. 109 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞതിനാണ് മുടപ്പല്ലൂരിലെ ഓട്ടോഡ്രൈവര്‍ സലാമിനു പിഴ അടയ്ക്കാന്‍ നോട്ടീസ് വന്നത്. നോട്ടീസ് വന്നപ്പോള്‍ അബ്ദുള്‍ സലാം ഉള്‍പ്പടെ സകലരും ഞെട്ടി. അതേസമയം, ഈ വേഗത്തില്‍ പാഞ്ഞത് തന്റെ ഓട്ടോ അല്ലെന്ന് തെളിയിക്കാനാകാതെ കുഴങ്ങിയിരിക്കുകയാണ് ഈ ഓട്ടോക്കാരന്.
സാധാരണ ഓട്ടോയുടെ സ്പീഡോമീറ്ററില്‍ കമ്പനി രേഖപ്പെടുത്തിയ പരമാവധി വേഗം മണിക്കൂറില്‍ 80 കിലോമീറ്റര്‍ എന്നാണ്. അതിനാല്‍ എന്നാല്‍ 109 കിലോമീറ്റര്‍ വേഗതയില്‍ തന്റെ ഓട്ടോ പറക്കില്ലെന്ന് സലാമിനും അറിയാം. വടക്കഞ്ചേരി-വാളയാര്‍ ദേശീയപാതയില്‍ സലാമിന്റെ ഓട്ടോ ഏപ്രില്‍ 13നു 109 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചതായി ഓട്ടോയുടെ ചിത്രം സഹിതമാണു നോട്ടീസ് ലഭിച്ചത്. ദീര്‍ഘകാലമായി ഓട്ടോ ഓടിക്കുന്നുണ്ടെങ്കിലും യൂണിഫോം ധരിക്കാത്തതിന്റെ പേരില്‍പോലും തനിക്കു പിഴയടയ്ക്കേണ്ടി വന്നിട്ടില്ലെന്ന് സലാം ആണയിടുന്നു.
അമിതവേഗത്തില്‍ പോയിട്ടില്ലെന്ന് ശാസ്ത്രീയമായി തന്നെ തെളിയിക്കാനാകുമെങ്കിലും കൂടുതല്‍ വയ്യാവേലിക്ക് പോകാന്‍ വയ്യെന്ന് വെച്ച് സലാം പിഴ അടച്ചു. എന്നാല്‍, വിഷയം ചര്‍ച്ചയായതോടെ മോട്ടര്‍ വാഹന വകുപ്പ് പരിശോധിച്ചു. ഓട്ടോ ഇത്ര വേഗത്തില്‍ കുതിക്കില്ലെന്നും വകുപ്പും സമ്മതിക്കുന്നു. ഓട്ടോയ്ക്കു സമീപമുണ്ടായിരുന്ന കാറിന്റെ അമിതവേഗം സലാമിന്റെ ഓട്ടോയുടേതായി തെറ്റിദ്ധരിച്ചു നോട്ടിസ് അയച്ചതാകാം എന്നാണു പ്രാഥമിക നിഗമനം.
അതേസമയം, അമിതവേഗതയില്‍ പാഞ്ഞതുമായോ മറ്റോ ബന്ധപ്പെട്ട പരാതികള്‍ ഉണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് കണ്ട്രോള് റൂമില്‍ അറിയിക്കാം. അമിതവേഗത്തില്‍ പോയില്ലെന്ന് ഉറപ്പുണ്ടായിട്ടും നോട്ടീസ് ലഭിച്ച സംഭവങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും മോട്ടര്‍ വാഹന വകുപ്പിന്റെ കണ്ട്രോള് റൂമില്‍ അറിയിക്കാം. എന്നാല്‍ ഇതു തെളിയിക്കേണ്ട ബാധ്യത പരാതിക്കാരനാണ്. നമ്പര്‍-0495-2355588
Discussion about this post