ചേര്‍ത്തല: നഗരത്തിലെ പ്രധാന സ്കൂള്‍ പൊളിച്ചപ്പോള്‍ കിട്ടിയത് നിധികുംഭം അടക്കമുള്ള ചെമ്പ് പാത്രങ്ങള്‍. ഇവയ്ക്കെല്ലാം അരലക്ഷം വിലമതിക്കും. ശ്രീനാരായണ മെമ്മോറിയല്‍ ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളാണ് കാലപഴക്കം ചെന്ന തൂണ് വീണപ്പോള്‍ പൊളിച്ചു നീക്കിയത്. കെട്ടിടം പൊളിച്ചു വന്നപ്പോള്‍ പഴക്കം ചെന്ന പാത്രങ്ങളും മറ്റും ലഭിക്കുകയായിരുന്നു.
ഒരു നിധികുംഭം, ആറ് വലിയ കുടങ്ങള്‍, ഒരു അണ്ടാവ്, ഒരു കലം, രണ്ട് വലിയ വാര്പ്പുകള് എന്നിവയാണ് ലഭിച്ചത്. പാത്രങ്ങള്‍ കണ്ടെത്തിയതിനു ശേഷം പ്രധാന അധ്യാപിക പി ജമുനാദേവി, ജില്ലാ വിദ്യാഭ്യാസ ഓഫീസറും, ചേര്‍ത്തല നഗരസഭാ ചെയര്‍മാനുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പിന് പുരാവസ്തുക്കള്‍ കൈമാറാന്‍ തീരുമാനിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം കായംകുളം കൃഷ്ണപുരം പാലസ് മ്യൂസിയം ഇന്‍ ചാര്‍ജ്ജ് കെ ഹരികുമാര്‍, എബി പയസ്, പ്രദീപ് കുമാര്‍ എന്നിവര്‍ സ്കൂളിലെത്തി പാത്രങ്ങള്‍ പരിശോധിക്കുകയും ചെയ്തു.
പുരാവസ്തു ഡയറക്ടറിന് റിപ്പോര്‍ട്ട് അയച്ച് ഉത്തരവ് വന്നശേഷം കായംകുളം കൃഷ്ണപുരം പാലസ് മ്യൂസിയത്തിലേയ്ക്ക് ചെമ്പ് പാത്രങ്ങള്‍ കൊണ്ടു പോകും. മൂശാരിമാര്‍ ആലയില്‍ നിര്‍മ്മിച്ചതാണെന്നും നൂറു മുതല്‍, നൂറ്റമ്പത് വര്‍ഷം വരെ പഴക്കമുണ്ടെന്നും അധികൃതര്‍ പറയുന്നു. സ്കൂള്‍ തുടങ്ങിയ സമയത്ത് കരപ്പുറത്തെ പ്രധാന വീടുകളില്‍ നിന്നും സംഭാവന നല്കിയിട്ടുള്ളവയാകാം എന്ന നിഗമനവും ഉണ്ട്.
Discussion about this post