കൊട്ടാരക്കര അപകടം: ചികിത്സയിലായിരുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി; പ്രകാശ് യാത്രയായത് തീപ്പിടിച്ച ബസ്സിലെ യാത്രക്കാരെ സുരക്ഷിതരാക്കി

കൊട്ടാരക്കര: കൊട്ടാരക്കര വയക്കലില്‍ കെഎസ്ആര്‍ടിസി ബസ് ടാര്‍ മിക്‌സിങ് വാഹനത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ബസ് ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം കല്ലമ്പലം സ്വദേശി പി പ്രകാശാണ് മരിച്ചത്. കഴിഞ്ഞ മാസം 15ാം തീയ്യതിയാണ് ബസ് അപകടത്തില്‍പ്പെട്ടത്.

ടാര്‍ മിക്‌സിങ് വാഹനത്തില്‍ ഇടിച്ച ബസിന് തീപിടിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന പ്രകാശ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ജൂണ്‍ 15 നു കൊട്ടാരക്കരയ്ക്കടുത്ത് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കോണ്‍ക്രീറ്റ് മിക്‌സിംഗ് ലോറിയിലിടിച്ചായിരുന്നു അപകടം. തീപ്പിടിച്ച ബസ്സിലെ യാത്രക്കാര്‍ക്ക് പോറലുപോലുമേല്‍ക്കാതെ സുരക്ഷിതരാക്കിയാണ് പ്രകാശ് യാത്രയായത്.

അപകടം നടന്നയുടന്‍ ധൈര്യം കൈവിടാതിരുന്ന പ്രകാശ് ബസിന്റെ രണ്ടു വാതിലുകളും തുറന്നിട്ടു. ന്യൂമാറ്റിക് ഡോറുകളുള്ള ബസ് ആയതിനാല്‍ വാതില്‍ തുറക്കുന്നതിനുള്ള ബട്ടണ്‍ ഡ്രൈവറുടെ പക്കലാണ്. അതിനാല്‍ യാത്രക്കാര്‍ക്കെല്ലാം വേഗത്തില്‍ പുറത്തിറങ്ങാന്‍ സാധിച്ചു.

തൊട്ടുമുന്നില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറി കത്തുകയും ഏതുനിമിഷവും ബസിലേക്കും തന്നിലേക്കും തീപടരുകയും ചെയ്‌തേക്കാവുന്ന അവസ്ഥയിലാണ് പ്രകാശ് മനോധൈര്യം കാട്ടിയത്. കാബിനില്‍ കാല്‍ കുടുങ്ങിയതോടെ പ്രകാശിന് പുറത്തിറങ്ങാനായില്ല. ബസിന്റെ കാബിനിലേക്ക് പടര്‍ന്ന തീ പ്രകാശിന്റെ വസ്ത്രത്തിലേക്കുംപടര്‍ന്നു. നാട്ടുകാരായ യുവാക്കളാണ് ഗുരുതരമായി പൊള്ളലേറ്റ പ്രകാശിനെ പുറത്തെത്തിച്ചത്.

Exit mobile version