ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 19 മണ്ഡലങ്ങളിലും വിജയിച്ചിട്ടും ആലപ്പുഴ ലോക്സഭ മണ്ഡലത്തില്‍ മാത്രം തോല്‍വി നേരിട്ടതോടെ നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതോടെ, തോല്‍വിക്ക് ഉത്തരവാദികളായവരെ കണ്ടെത്താന്‍ കെപിസിസി കമ്മിറ്റിയെ നിയമിച്ച് അന്വേഷണവും നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെപിസിസി ഇന്ന് അച്ചടക്ക നടപടി പ്രഖ്യാപിക്കും. ചേര്‍ത്തല, വയലാര്‍, കായംകുളം നോര്‍ത്ത്, സൗത്ത് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിടണമെന്ന് കെവി തോമസ് അധ്യക്ഷനായ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ആലപ്പുഴയിലെ പരാജയത്തിന്റെ പ്രധാന കാരണം സംഘടനാപരമായ ദൗര്‍ബല്യമാണെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍. അതേസമയം, പ്രമുഖരായ നേതാക്കള്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.
ചേര്‍ത്തലയിലും കായംകുളത്തും വലിയ തിരിച്ചടിയുണ്ടായെന്നും കെവി തോമസും കമ്മിറ്റി അംഗങ്ങളായ കെപി കുഞ്ഞിക്കണ്ണനും പിസി വിഷ്ണുനാഥും അടങ്ങിയ കമ്മിറ്റി വിലയിരുത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ കെപിസിസി പ്രസിഡന്റിന് കൈമാറിയിരുന്നു. റിപ്പോര്‍ട്ട് പഠിച്ച ശേഷം നടപടി ഇന്ന് പ്രഖ്യാപിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കിയിട്ടുണ്ട്.
കെസി വേണുഗോപാല്‍, ഡിസിസി പ്രസിഡന്റ് എം ലിജു എന്നിവര്‍ പരിമിതികള്‍ക്കിടയിലും പരമാവധി പ്രവര്‍ത്തനം നടത്തിയെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. നിയമസഭ ഉപതെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി നിലവിലുള്ള ജംബോ കമ്മിറ്റികള്‍ പുനസംഘടിപ്പിക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Discussion about this post