കോട്ടയം: നഷ്ടപ്പെട്ട ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുകിട്ടിയിട്ടും മനസമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ് തിരുവല്ല സ്വദേശിനി മീര എം നായര്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് മീര എം നായര്‍ എന്ന പെണ്‍കുട്ടിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഹൈദരാബാദില്‍ നിന്നും കളഞ്ഞുകിട്ടി, ഉടമസ്ഥര്‍ എത്തി സ്വീകരിക്കണമെന്ന് പറഞ്ഞുള്ള ഓട്ടോഡ്രൈവറുടെ വീഡിയോ വൈറലായിരുന്നത്.
സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടിയ ഉടനെ അദ്ദേഹം ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മീരയ്ക്ക് അവ തിരിച്ചുകിട്ടുകയും ചെയ്തു. പക്ഷേ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു കിട്ടിയിട്ടും സോഷ്യല്‍മീഡിയയിലെ അന്വേഷണങ്ങളും മെസേജുകളും ഫോണ്‍കോളുകളും കൊണ്ട് ബുദ്ധിമുട്ടിലായിരിക്കുകയാണെന്ന് മീര മനോരമന്യൂസ്.കോമിനോട് പറഞ്ഞു.
നെറ്റ് കോച്ചിങ്ങിന് ചേരാന്‍ വേണ്ടിയാണ് ഹൈദരബാദിലേക്ക് പോയപ്പോഴാണ് മീരയുടെ സര്‍ട്ടിഫിക്കറ്റുകള്‍ കളഞ്ഞുപോയത്. സ്ഥാപനത്തില്‍ രജിസ്ട്രേഷന് മുന്‍പ് തന്നെ സര്‍ട്ടിഫിക്കറ്റ് നഷ്ടമായ വിവരം തിരിച്ചറിഞ്ഞു. ഡയറക്ടറുടെ നിര്‍ദേശമനുസരിച്ച് പോലീസില്‍ പരാതി നല്കി.
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എന്റെയൊരു അധ്യാപിക, ഓട്ടോക്കാരന്റെ വീഡിയോ കണ്ടിട്ട് എന്നെ വിളിച്ച് സര്‍ട്ടിഫിക്കറ്റ് അദ്ദേഹത്തിന്റെ കയ്യിലുണ്ടെന്ന് പറഞ്ഞു. വൈകുന്നേരത്തോടെ പോലീസ് സ്റ്റേഷനില്‍വെച്ച് സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുകിട്ടി. അന്നു തന്നെ ഞാന്‍ തിരികെ കിട്ടിയ വിവരം പോസ്റ്റ് ചെയ്തു.
എന്നാല്‍, സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്ന് പറഞ്ഞിട്ടും വീണ്ടും വീണ്ടും സോഷ്യല്‍മീഡിയയില്‍ പലരും ശല്യം ചെയ്യുകയാണ്. നിരവധി പേര് ഫേസ്ബുക്കില്‍ സന്ദേശങ്ങളയക്കാന്‍ തുടങ്ങി. ചിലരൊക്കെ ആത്മാര്‍ഥമായിട്ടാണ് മെസേജുകള്‍ അയച്ചത്. എന്നാല്‍ ഭൂരിഭാഗം പേരും അനാവശ്യ സന്ദേശങ്ങളാണ് അയച്ചത്. ആയിരം ഫ്രണ്ട്സ് റിക്വസ്റ്റുകളാണ് ഈ രണ്ടുമൂന്ന് ദിവസം കൊണ്ട് ലഭിച്ചതെന്നും മീര പറയുന്നു.
കൂടാതതെ പഠിച്ച കോളജുകളിലെല്ലാം വിളിച്ച് അധ്യാപകരോട് നമ്പര്‍ ചോദിക്കുന്നുമുണ്ട്. എന്തിനേറെ പറയുന്നു, ഐഎസ്.ആര്.ഒയില്‍ ഞാന്‍ കുറച്ചുകാലം ഇന്റണ്‍ഷിപ്പ് ചെയ്തിരുന്നു. ആ സര്‍ട്ടിഫിക്കറ്റും കൂട്ടത്തിലുണ്ടായിരുന്നു. അതിനെ നമ്പര്‍ കണ്ടിട്ട് ഐ.എസ്.ആര്.ഒ ഡയറക്ടറെ വരെ വിളിച്ച് നമ്പര്‍ ചോദിക്കുന്നവരുമുണ്ട്.
അധ്യാപകര്‍ക്കും ശല്യമായിക്കൊണ്ടിരിക്കുകയാണ് ഈ ഫോണ്‍കോളുകള്‍. ഞാനൊരു പെണ്‍കുട്ടിയായതുകൊണ്ട് ഇങ്ങനെ ശല്യം ചെയ്യണോ?
എന്റെ ഫോണ്‍ നമ്പര്‍ വരെ എവിടുന്നൊക്കെയോ തപ്പിപിടിച്ചെടുത്ത് വിളിക്കുന്നവരുമുണ്ട്. ഒരാളോട് എവിടുന്നാണ് നമ്പര്‍ കിട്ടിയതെന്ന് ചോദിച്ചപ്പോള്‍ ആവശ്യക്കാരന് ഔചിത്യം ഇല്ലല്ലോ എന്നാണ് പറഞ്ഞത്.
ചിലര്‍ വിളിച്ചത് എന്റെ എം.എസ്.സിയുടെ സര്‍ട്ടിഫിക്കറ്റ് വരെ അവരുടെ കയ്യിലുണ്ട്, വന്ന് കൈപ്പറ്റിക്കോളൂ എന്ന് പറഞ്ഞ് വിളിച്ചിട്ടുണ്ട്. ഞാന്‍ എം.എസ്.സി അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ പോകുന്നതേയുള്ളൂ. ശല്യം സഹിക്കാതെ വന്നാല്‍ സൈബര്‍സെല്ലില്‍ പരാതി കൊടുക്കേണ്ടി വരും. കേസിന്റെ പുറകിന് പോകേണ്ടെന്ന് കരുതിയാണ് ഇതുവരെ പരാതി നല്‍കാതിരുന്നത്. എന്നാല്‍ നിവൃത്തിയില്ലെങ്കില്‍ എന്ത് ചെയ്യും?- മീര പറയുന്നു.
സമൂഹമാധ്യമത്തിന്റെ നല്ലവശം കൊണ്ടാണ് സര്‍ട്ടിഫിക്കറ്റ് തിരികെ ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ അതിന്റെ ദൂഷ്യവും അനുഭവിക്കുകയാണ്. ഫേസ്ബുക്ക് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തോന്നിപ്പോയി. അത്രമാത്രം ശല്യമാണ് അനുഭവിക്കുന്നത്.
Discussion about this post