കോഴിക്കോട്: സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയിലെ ബൈക്കിന് പിറകെ പാഞ്ഞ കടുവ വയനാട്ടിലേതു തന്നെയെന്ന് വെളിപ്പെടുത്തല്‍. കൊല്ലം സ്വദേശി കാര്‍ത്തിക് കൃഷ്ണന്, തൃശൂര്‍ സ്വദേശി സഞ്ജയ് കുമാര്‍ എന്നിവരാണ് സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ ബത്തേരി- പുല്പള്ളി റൂട്ടില്‍ സഞ്ചരിക്കുകയായിരുന്ന തങ്ങളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവ ഇറങ്ങിയിട്ടുണ്ടെന്ന മുന്നറിയിപ്പ് നല്കി പാമ്പ്രയില്‍ തടഞ്ഞുവെന്ന് ഇരുവരും പറയുന്നു. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളായ ഇരുവരും പ്രോജക്ടിന്റെ ഭാഗമായുള്ള വിവരശേഖരണത്തിനു ചെതലയം റെയ്ഞ്ച് ഓഫിസിലേക്കു പോവുകയായിരുന്നു.
പാമ്പ്രയ്ക്കു സമീപം കടുവ ഇറങ്ങിയിട്ടുണ്ടെന്നും ബൈക്കില്‍ പോകുന്നത് അപകടമാണെന്നുമായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. മുന്‍പേ പോയ മറ്റു വാഹനങ്ങളെയും അവര്‍ തടഞ്ഞുവെന്നു കാര്‍ത്തികും സഞ്ജയും പറയുന്നു.
ബത്തേരിയില്‍ നിന്നും ചെതലയത്തേക്കു പോകവേ പാമ്പ്രയ്ക്കു സമീപത്തുവച്ചാണ് റോഡില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടത്. അവര്‍ ആകെ ടെന്‍ഷനിലായിരുന്നു. ഇപ്പോള്‍ യാത്ര തുടരാനാവില്ലെന്നും പാമ്പ്രയില്‍ കടുവയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വലിയ വാഹനങ്ങളെ മാത്രമേ ഉദ്യോഗസ്ഥര്‍ കടത്തിവിടുന്നുണ്ടായിരുന്നുള്ളൂ. ബൈക്കുകളിലെത്തിയവരെയെല്ലാം തടഞ്ഞു. വളരെ അത്യാവശ്യമായുള്ള യാത്രയാണെന്നും പ്രോജക്ടിന്റെ ഭാഗമായുള്ള വിവരശേഖരണത്തിനിറങ്ങിയ വിദ്യാര്‍ഥികളാണെന്നും പറഞ്ഞപ്പോള്‍ മാത്രം അതുവഴി വന്ന ബസിനൊപ്പം ഉദ്യോഗസ്ഥര്‍ ഞങ്ങളെ കടത്തിവിട്ടു. വൈറലായ വീഡിയോയില്‍ കാണുന്ന അതേ സ്ഥലത്തുകൂടിയാണു തങ്ങള്‍ പോയതെന്നും അവര്‍ പറയുന്നു.
Discussion about this post